മൂന്നാര്‍: രാജമലയിലെ പെട്ടിമുടിയിൽ മലയിടിച്ചിൽ ദുരന്തം നടന്ന് ആറാം ദിവസമായ ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇതിൽ രണ്ടുപേർ കുട്ടികളാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 55 ആയി. ഇവിടെ ഇപ്പോഴും തോരാതെ മഴ പെയ്യുകയാണ്. പുഴ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ് ഈ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നബിയ (12), ലക്ഷണശ്രീ (10), സുമതി (50) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ഇതിൽ ഏഴുപേർ കുട്ടികളാണ്. കഴിഞ്ഞ ദിവസം കണ്ടെടുത്ത് ആറു മൃതദേഹങ്ങളും പുഴയില്‍ നിന്നു തന്നെയാണ് കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസത്തേതിനു സമാനമായി രക്ഷാപ്രവര്‍ത്തകര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിലില്‍ ഏര്‍പ്പെടുകയായിരുന്നു. ദുരന്തം നടന്ന സ്ഥലത്തുള്ള ലായങ്ങള്‍ക്കു സമീപം ഏറെ നേരം തിരച്ചിലില്‍ ഏര്‍പെട്ടെങ്കിലും പുതിയതായി മൃതദേഹങ്ങള്‍ കണ്ടത്താൻ കഴിഞ്ഞില്ല.
എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍ തന്നെയാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. വീടുകള്‍ നിലനിന്നിരുന്ന സ്ഥലത്ത് പതിച്ച കൂറ്റന്‍ പാറക്കെട്ടുകള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊട്ടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തിനൊപ്പം നിരവധി രക്ഷാപ്രവര്‍ത്തകര്‍ പങ്കാളികളായി. പുഴയോരത്ത് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ തുടര്‍ന്നും അതേ വഴിക്ക് നീങ്ങനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
അതേ സമയം എല്ലാ മൃതദേഹങ്ങളും കണ്ടെടുക്കാനാവുമോ എന്ന സന്ദേഹവും ഉയരുന്നുണ്ട്. മേഖലയില്‍ നിലനില്‍ക്കുന്ന പ്രതികൂല കാലാവസ്ഥയും പുഴയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട് മൃതദേഹങ്ങൾ ദൂരെയെത്തിയിരിക്കാനുള്ള സാധ്യതയുമാണ് കാരണം. ഇന്നും നിരവധി പ്രമുഖര്‍ ദുരന്തഭൂമിയിലെത്തി. മുസ്ലീംലീഗ് സംസ്ഥാന നേതാക്കളായ സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ദുരന്തസ്ഥലം സന്ദർശിച്ചു.