ഇസ്രായേലിൽനിന്ന് ഇന്ത്യ വാങ്ങിയ ഹെറോൺ ഡ്രോണുകളിൽ ആയുധം ഘടിപ്പിക്കാൻ പദ്ധതിക്ക് അംഗീകാരം

ന്യൂഡെൽഹി: ഇസ്രായേലിൽനിന്ന് ഇന്ത്യ വാങ്ങിയ ഹെറോൺ ഡ്രോണുകളിൽ ആയുധം ഘടിപ്പിക്കാനുള്ള പദ്ധതിക്ക് പ്രതിരോധമന്ത്രി അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ അംഗീകാരം. ഏറെ കാലമായി പ്രതിരോധ സേനകൾ മുന്നോട്ട് വച്ച ആവശ്യം ഇന്ത്യ ചൈന അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് അംഗീകരിക്കപ്പെട്ടത്. പ്രോജക്ട് ചീറ്റ’ എന്നാണ് ഹെറോൺ ഡ്രോണിനെ ആയുധമണിയിക്കാനുള്ള പദ്ധതി. അതിർത്തി തർക്കങ്ങളുടെ പശ്ചാത്തലത്തിൽ വേഗത്തിൽ നടപ്പാക്കാനാണ് തീരുമാനം.

നിലവിൽ ആകാശ നിരീക്ഷണത്തിന് മാത്രമായി ആണ് ഹെറോൺ ഡ്രോണുകൾ ഉപയോഗിക്കുന്നത്. ഇവയിൽ ലേസർ നിയന്ത്രിത ബോംബുകൾ, ടാങ്ക് വേധ മിസൈലുകൾ തുടങ്ങിയ ആയുധങ്ങളാണ് ഘടിപ്പിക്കാനൊരുങ്ങുന്നത്. ആയുധങ്ങൾ ഘടിപ്പിക്കാനുള്ള 3500 കോടി രൂപയുടെ ഇൗ പദ്ധതിക്ക് അന്തിമ രൂപം നൽകിയിട്ട് കാലമേറെ ആയി. എന്നാൽ ഭരണ തലത്തിൽ നിന്നുള്ള അനുമതി ലഭിക്കുന്നത് ഇപ്പോഴാണ്.

നിലവിൽ 90 ഹെറോൺ ഡ്രോണുകളാണ് ഇന്ത്യയുടെ കൈവശമുള്ളത്. ഏറെനേരം ആകാശത്ത് തുടർച്ചയായി പറക്കാൻ ശേഷിയുള്ള ഇവ അതിർത്തി മേഖലകളിലെ നിരീക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. മാത്രമല്ല സൈനിക നടപടികൾക്കിടെ ലക്ഷ്യനിർണയത്തിനും ഇവയെ ഉപയോഗിക്കാറുണ്ട്. ആയുധമായി തന്നെ പ്രവർത്തിക്കുന്ന ഡ്രോണുകളും ഇന്ത്യ ഇസ്രായേലിൽനിന്ന് വാങ്ങിയിട്ടുണ്ട്.

ഹെറോൺ ഡ്രോണുകൾക്ക് പുറമെ അമേരിക്കയിൽനിന്ന് 30 പ്രഡേറ്റർ ഡ്രോണുകൾ കൂടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രതിരോധ മന്ത്രാലയം. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഹെറോൺ ഡ്രോണുകളെ ആയുധമണിയിക്കുന്ന പദ്ധക്ക് പുറമെ പ്രതിരോധ സേനകൾക്ക് വേണ്ടി 6.71 ലക്ഷം എ.കെ.203 തോക്കുകൾ വാങ്ങാനുള്ള പദ്ധതിക്കും അന്തിമ അനുമതി ഡിഫൻ അക്വിസിഷൻ കമ്മിറ്റി നൽകിയിട്ടുണ്ട്.

കൂടാതെ വ്യോമസേനയ്ക്ക് വേണ്ടി എച്ച്.എ.എല്ലിൽനിന്ന് 106 ട്രെയിനർ ജെറ്റുകൾ വാങ്ങാനും, നാവികസേന, തീരസംരക്ഷണ സേന എന്നിവയ്ക്കായി ‘ഭെല്ലി’ൽനിന്ന് കപ്പലുകളിൽ ഘടിപ്പിക്കുന്ന മീഡിയം റേഞ്ച് പീരങ്കികൾ വാങ്ങാനും തീരുമാനമായിട്ടുണ്ട്. ഇത്തരത്തിൽ ശതകോടികളുടെ പദ്ധതികൾക്കാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്.