ന്യൂഡെൽഹി: കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നില അതീവ ഗുരതരമായി തുടരുന്നു. നിലവിൽ ഡെൽഹി ആര്‍മി റിസര്‍ച്ച് ആന്‍റ് റഫറല്‍ ആശുപത്രിയില്‍ ആണ് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവൻ നില നിർത്തിയിരിക്കുന്നത്. കൊറോണ ബാധിതൻ കൂടിയായതിനാൽ ആരോഗ്യനിലയിൽ പുരോഗതി ഒന്നുമില്ലെന്ന് ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തെ തലച്ചോറിൽ രക്തം കട്ട പിടിച്ചതിന് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ കൊറോണ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രണബ് മുഖർജിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് വിലയിരുത്താൻ ഡോക്ടർമാരുടെ വിദഗ്ദ സംഘം രൂപീകരിച്ചിട്ടുണ്ട്.
പ്രണബ് മുഖർജി തന്നെയാണ് ആദ്യം തനിക്ക് രോഗം സ്ഥിരീകരിച്ചത് ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ ഏർപ്പേട്ടവർ കൊറോണ പരിശോധന നടത്തണമെന്നും നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.