പത്തനംതിട്ട : ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയതോടെ പമ്പാ ഡാമിന്റെ ഷട്ടറുകൾ ഇന്ന് പുലർച്ചെ അടച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആറ് ഷട്ടറുകൾ രണ്ടടി വീതം തുറന്നത്. ഷട്ടറുകൾ അടച്ചത് പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് താൽക്കാലിക ആശ്വാസമായി.
986.332 മീറ്റർ പരമാവധി സംഭരണശേഷിയുള്ള പമ്പാ ഡാമിൽ ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞതോടെയാണ് ഡാമിന്റെ ഷട്ടറുകൾ അടയ്ക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.ഡാമിന്റെ ആറ് ഷട്ടറുകൾ 60 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 82 ക്യുബിക് മീറ്റർ അധികജലമാണ് കഴിഞ്ഞ ദിവസം പുറത്തേക്കുവിട്ടത്.പമ്പാനദിയിൽ ഇതോടെ 30-40 സെന്റിമീറ്റർ ജലനിരപ്പ് ഉയർന്നു.
എന്നാൽ ആലപ്പുഴയിൽ കുട്ടനാട് വെള്ളത്തിലായി കഴിഞ്ഞു. കിഴക്കൻ വെള്ളത്തിൻ്റെ വരവോടെ ജനങ്ങൾ കൂട്ടത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയാണ്.
പത്തനംതിട്ട ജില്ലയിൽ വിവിധ മേഖലകളായ റാന്നി, കോലഞ്ചേരി, തിരുവല്ല പ്രദേശങ്ങളിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് നടപടികൾ സ്വീകരിച്ചിരുന്നു. തിരുവല്ലയിൽ ഇന്ന് ഉച്ചയോടെ ജലം ഒഴുകിയെത്തുമെന്നാണ് സൂചന. തുടർന്ന് കുട്ടനാടൻ മേഖലയിലും ജലനിരപ്പ് ഉയരും.