കോട്ടയം: വെള്ളത്തിൽ വീണ് മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നീലിമംഗലത്ത് റോഡിലെ വെള്ളക്കെട്ടിൽ വീണാണ് ഗൃഹനാഥൻ മരിച്ചത്. നട്ടാശ്ശേരി ആലിക്കൽ കുര്യൻ എബ്രഹാം ( ഷിബു 61) ആണ് മരിച്ചത്. പെരുമ്പായിക്കാട് ആളൂർ വീട്ടിൽ സുധീ(38) ഷും വെള്ളത്തിൽ വീണാണ് മരിച്ചത്. ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി.
ഇന്നലെ വൈകുന്നേരം നാല് മണിയോടെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടയിലാണ് കുര്യൻ എബ്രഹാം റോഡിലെ വെള്ളക്കെട്ടിൽ വീണത്. രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ ഏഴരയോടെ മൃതദേഹം പള്ളിപ്പുറം പാറയിൽ ക്രഷിന് സമീപമുള്ള വഴിയിലെ വെള്ളക്കെട്ടിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. ഈ ഭാഗത്ത് ആറടിയോളം ഉയരത്തിൽ വെള്ളക്കെട്ട് ഉണ്ട്.
കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തിന് പോയ സുധീഷിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മണർകാട് കാർ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാർ ഒഴുക്കിൽപെട്ടപ്പോൾ കരക്കെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ജസ്റ്റിൻ കാറിനുള്ളിൽ പെട്ടത്. നാട്ടുകാരെ സഹായത്തിന് വിളിച്ച് ക്രെയിൻ ഏർപ്പാടാക്കിയ ശേഷം കാറിൽ ഹാൻഡ് ബ്രെയ്ക്ക് മാറ്റാനായി കയറിയതായിരുന്നു. കാറിനുള്ളിലേക്ക് വെള്ളം കയറുകയും വെള്ളക്കെട്ടിലേക്ക് ഒഴുകി പോകുകയും ചെയ്തു. എയർപോർട്ടിൽ ടാക്‌സി ഡ്രൈവറായിരുന്നു ജസ്റ്റിൻ.
അതേസമയം കോട്ടയത്ത് ചിലയിടങ്ങളിൽ മഴ തുടരുകയാണ്. കുമരകം റോഡിൽ വെള്ളക്കെട്ട് തുടരുന്നു. എംസി റോഡിൽ ഗതാഗത തടസം നീങ്ങി. കോട്ടയത്തേയും ആലപ്പുഴയേയും ബന്ധിപ്പിക്കുന്ന റോഡുകളെല്ലാം വെള്ളത്തിൽ തന്നെയാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ള തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, കുമരകം പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.
കോട്ടയം നഗരപ്രദേശങ്ങളിൽ നിന്നും ചെറിയ തോതിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. 5500 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. പാലായിൽ നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു. ഈരാറ്റുപേട്ട റോഡിൽ നിന്നും ഏറ്റുമാനൂർ റോഡിൽ നിന്നും വെള്ളം ഇറങ്ങിയിട്ടുണ്ട്.