വിജയവാഡയിൽ കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ തീപിടുത്തം; ഏഴ് പേർ പൊള്ളലേറ്റ് മരിച്ചു

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഏഴ് പേർ പൊള്ളലേറ്റ് മരിച്ചു. ഇരുപതോളം പേരെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.

ഞായറാഴ്ച പുലർച്ചെ 5.10നാണ് തീപിടിത്തമുണ്ടായത്. അരമണിക്കൂറിനകം തീ നിയന്ത്രണവിധേയമായി.സെന്ററിൽ 30 കൊറോണ വൈറസ് രോഗികളെങ്കിലും ചികിത്സയിലായിലുണ്ടായിരുന്നതായി വിജയവാഡ പോലീസ് കമ്മീഷണർ ബി ശ്രീനിവാസ്ലു പറഞ്ഞു.  10 ആശുപത്രി ജീവനക്കാരും ഇവിടെ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കൊറോണ കെയർ സെന്ററായി മാറ്റിയ ഗോൾഡൻ പാലസ്’ എന്ന ഹോട്ടലിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്ന് കരുതപ്പെടുന്നു.

അതേ സമയം കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം.

അപകടത്തിൽപ്പെട്ടവർക്ക് മെച്ചപ്പെട്ട ചികിൽസ ലഭ്യമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാനും അഗ്നിബാധയെത്തുടർന്ന് രോഗികൾ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും മുഖ്യമന്ത്രി ജഗൻ റെഡ്ഡി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

തീപിടുത്തത്തിൽ രോഗികൾ മരിക്കാനിടയായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ചികിൽസയിലുള്ളവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് നരേന്ദ്രമോദി ആശംസിച്ചു.