പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്നു. റാന്നി നഗരത്തിൽ ഇതിനോടകം തന്നെ വെള്ളം കയറി തുടങ്ങി. പമ്പ, അച്ചൻകോവിൽ, മണിമല, കക്കാട്ടർ തുടങ്ങിയ നദികളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. മണിയാർ, മൂഴിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തിയിരിക്കുകയാണ്.
മഴ ശക്തമായതിനെ തുടർന്ന് മണിയാർ ബാരേജിന്റെ അഞ്ച് ഷട്ടറുകളും അഞ്ച് മീറ്റർ വരെ ഉയർത്തും. ഇതുമൂലം സ്പിൽവേ വഴി തുറന്നു വിടുന്ന പരമാവധി വെള്ളത്തിന്റെ അളവ് 1287 ക്യുമാക്സ് ആണ്. ആങ്ങമൂഴി ഭാഗത്തുനിന്നും ശക്തമായ വെള്ളപ്പാച്ചിൽ ഉണ്ട്. അള്ളുങ്കലും കാരിക്കയത്തും സ്പിൽവേ പരമാവധി തുറന്നുവച്ചിരിക്കുകയാണ്.
ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഓഗസ്റ്റ് 10 വരെ മണിയാർ ബാരേജിന്റെ ഷട്ടറുകൾ ഈ രീതിയിൽ തുറന്ന് പ്രളയജലം കക്കാട്ടാറിലൂടെ ഒഴുക്കും. ഇതുമൂലം പമ്പാ നദിയിലെ ജലനിരപ്പിൽ 3.50 മീറ്റർ മുതൽ നാല് മീറ്റർ വരെ അധിക വർധനവ് പ്രതീക്ഷിക്കുന്നുണ്ട്.
പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവരും പ്രത്യേകിച്ച് മണിയാർ, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.