കോഴിക്കോട്: വടക്കൻ കേരളത്തിൽ രണ്ടു ദിവസമായി തുടരുന്ന മഴ പലയിടങ്ങളിലും നാശം വിതച്ചു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ വനത്തിനകത്ത് ഉരുൾപൊട്ടി. കോടഞ്ചേരി ചെമ്പുകടവിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.കനത്ത കാറ്റും മഴയും തുടരുകയാണ്. ചിലയിടങ്ങളിൽ മലവെള്ളപ്പാച്ചിലുമുണ്ടായി. മാവൂർ മേഖലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രിയിലെ മഴയെത്തുടർന്ന് ജനവാസ കേന്ദ്രങ്ങളിലും റോഡുകളിലും വെള്ളം കയറി. നിലമ്പൂർ ചാലിയാർ പുഴയിൽ മലവെള്ളപാച്ചിൽ ഉണ്ടായി. തമിഴ്നാട് മേഖലയിലും വനത്തിലും അതിശക്തമായി പെയ്യുന്ന മഴവെള്ളം ചാലിയാറിലേക്ക് ഒഴുകിയെത്തുന്നത് ജലനിരപ്പ് ഉയരാനിടയാക്കി. കോഴിക്കോട് മൈസൂർ ദേശീയ പാതയിൽ തകരപ്പാടിയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കുറ്റ്യാടി മാനന്തവാടി റോഡിലും വെള്ളം കയറിയിട്ടുണ്ട്.
ചാലിയാർ പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയില്‍ പട്ടികവര്‍ഗ കോളനിയിലെ എൺപതോളം പേരടങ്ങുന്ന 29 വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.
കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ മഴ കനത്ത നാശമുണ്ടാക്കി. ജലാശയങ്ങൾ കരകവിഞ്ഞൊഴുകുകയാണ്.വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.