ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് കയ്യേറ്റം നടന്നതായി സ്ഥിരീകരിച്ച രേഖ പ്രതിരോധ മന്ത്രാലയം സൈറ്റില്‍ നിന്ന് നീക്കി. മെയ് 17, 18 ദിവസങ്ങളില്‍ കുഗ്രാങ് നാല, ഗോഗ്ര, പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളില്‍ ചൈന അതിക്രമിച്ചു കയറി എന്ന് വ്യക്തമാക്കുന്ന രേഖയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നത്.
ചൊവാഴ്ച അപ്ലോഡ് ചെയ്ത രേഖയുടെ വിശദാംശങ്ങള്‍ പുറത്തായത്തിന് പിന്നാലെ രേഖ സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി.ഉച്ചയോടെയാണ് രേഖ സൈറ്റില്‍ നിന്ന് നീക്കിയത്. അതേസമയം, രേഖകള്‍ നീക്കിയത് കൊണ്ട് വസ്തുതകള്‍ ഇല്ലാതാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു
എന്നാല്‍ രേഖയുടെ ഉള്ളടക്കത്തിലെ ആധികാരികത പ്രതിരോധമന്ത്രാലയം ഇതുവരെ നിഷേധിച്ചിട്ടില്ല. ചൈനീസ് കയ്യേറ്റം നടന്നുവെന്ന് സ്ഥിരീകരിക്കുന്ന ആദ്യത്തെ ഔദ്യോഗിക രേഖയാണ് പ്രതിരോധമന്ത്രാലയം നീക്കിയത്. എന്നാല്‍ ഗാല്‍വാന്‍ താഴ് വരയിലെ സ്ഥിതിയെക്കുറിച്ച് രേഖയില്‍ പരാമര്‍ശിച്ചിരുന്നില്ല.