തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് അക്ഷമരായിട്ട് കാര്യമില്ല. തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. വിവാദ വിഷയത്തിൽ ആദ്യമായാണ് ഗവർണർ പ്രതികരണം അറിയിച്ചത്.
എൻഐഎ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്. “സ്വർണ്ണക്കടത്തു കേസിൽ എൻഐഎ അന്വേഷണം തുടരുകയാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല. അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന സഹകരണം വിദേശകാര്യമന്ത്രാലയം നൽകുന്നുണ്ട്,” എന്നുമായിരുന്നു അനുരാഗ് ശ്രീവാസ്തവയുടെ മറുപടി.
സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾക്ക് എല്ലാ സഹായവും നൽകുന്നുണ്ടെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.