നിര്‍ഭയ പ്രതി വിനയ് ശര്‍മ ജയിലില്‍ സ്വയം പരിക്കേല്‍പിച്ചു

ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന പ്രതികളിലൊരാളായ വിനയ് ശർമ ജയിലിൽ സ്വയം പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. സെല്ലിലെ ചുമരിൽ തലയിടിച്ചാണ് ഇയാൾ സ്വയം പരിക്കേൽപ്പിച്ചത്. ചികിത്സ നൽകിയതായി തിഹാർ ജയിൽ അധികൃതർ അറിയിച്ചു.
മാർച്ച് മൂന്നിന് കേസിലെ പ്രതികളായ നാലു പേരുടെ വധശിക്ഷ നടപ്പാക്കാൻ കോടതി വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഹർജികളെല്ലാം തള്ളിയ സാഹചര്യത്തിൽ പ്രതി നിരാശനാണെന്നാണ് സൂചന. വിനയ് ശർമ ജയിലിനുള്ളിൽ നിരാഹാരസമരത്തിലാണെന്നും ജയിലിനുള്ളിൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റതായും ഇയാളുടെ അഭിഭാഷകൻ ഈയാഴ്ച ആദ്യം തുടക്കത്തിൽ കോടതിയെ അറിയിച്ചിരുന്നു. ഇയാൾ ഗുരുതര മാനസികരോഗത്തിൽ പെട്ടിരിക്കുകയാണെന്നും അതിനാൽ വധശിക്ഷ നടപ്പാക്കാനാകില്ലെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. തുടർന്ന് വിനയ് ശർമയ്ക്ക് പ്രത്യേക നിരീക്ഷണമേർപ്പെടുത്താൻ ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിച്ചിരുന്നു.
നിർഭയകേസ് പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനായി മൂന്നാമത്തെ തവണയാണ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്.