തിരുവനന്തപുരം: വഞ്ചിയൂർ സബ്ട്രഷറിയിൽ നിന്ന് രണ്ടു കോടി തട്ടിയ കേസിലെ പ്രതി ബിജുലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകൻ്റെ ഓഫീസിൽ നിന്നുമാണ് ബിജുലാലിനെ അറസ്റ്റ് ചെയ്തത്.
ട്രഷറിയിൽ നിന്ന് ഒരു രൂപ പോലും താൻ എടുത്തിട്ടില്ലെന്നും ഓൺലൈനിൽ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും അറസ്റ്റിലാകുന്നതിന് മുമ്പ് ബിജു ലാൽ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഉപയോഗിച്ച് ആരോ തട്ടിപ്പ് നടത്തിയതെന്നും ഇക്കാര്യങ്ങൾ പോലീസ് അന്വേഷിക്കട്ടെ എന്നും ബിജു ലാൽ പറഞ്ഞു. കീഴടങ്ങാനായാണ് ബിജുലാൽ രാവിലെ അഭിഭാഷകന്റെ ഓഫീസിലെത്തിയത്. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ ബിജുലാലിനെ കമ്മീഷണർ ഓഫീസിലേക്ക് കൊണ്ടുപോയി. മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ബിജുലാൽ കീഴടങ്ങാനെത്തിയത്.
ബിജുലാലിന്‍റെ ബാലരാമപുരത്തെ വീട്ടിലും കരമനയിലെ വാടകവീട്ടിലും ബന്ധുവീടുകളിലുമെല്ലാം ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 23 മുതൽ ജൂലൈ 31വരെ നിരവധി പ്രാവശ്യം ബിജു ലാൽ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്‍റെ എഫ്ഐആർ. തട്ടിപ്പിന്‍റെ വ്യാപ്‍തി ഇപ്പോള്‍ പുറത്തുവന്നതിനെക്കാള്‍ വലുതായിരിക്കുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. കമ്പ്യൂട്ടർ വിദഗ്‍ധന്‍ കൂടിയായ ബിജുലാൽ സോഫ്റ്റ്‍വെയര്‍ അപാകത മനസിലാക്കി നിരവധി പ്രാവശ്യം പണം ചോർത്തിയിരിക്കാമെന്നാണ് കരുതുന്നത്. ഓണ്‍ ലൈൻ ചീട്ടു കളിക്ക് ലഭിച്ച പണത്തിന് 14,000 രൂപ കഴിഞ്ഞ സാമ്പത്തിക വർഷം ബിജുലാൽ നികുതി അടച്ചിട്ടുണ്ട്.
പണം തട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ബിജുലാല്‍ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. സംശയത്തിന്‍റെയും തെറ്റിദ്ധാരണയുടെയും പേരിലാണ് താൻ ഇപ്പോൾ ക്രൂശിക്കപ്പെടുന്നതെന്നും കേസിൽ നിരപരാധിയാണെന്നും ബിജുലാൽ ജാമ്യ അപേക്ഷയിൽ പറയുന്നുണ്ട്. മെയ് 31 ന് വിരമിച്ച ട്രഷറി ജീവനക്കാരന്‍റെ പാസ്‍വേർഡ് ഉപയോഗിച്ചാണ് ബിജുലാൽ രണ്ട് കോടി രൂപ തട്ടിയെടുത്തത്. ഇതിൽ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്നും കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പൊലീസ് കേസ്. പ്രതി ബിജുലാലിനെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്.
ഇക്കഴിഞ്ഞ മെയ് മാസം വഞ്ചിയൂരിലെ ഓഫീസിൽ നിന്ന് വിരമിച്ച വി ഭാസ്കർ എന്ന സബ് ട്രഷറി ഓഫീസറുടെ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ചാണ് വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്‍റായിരുന്ന ബിജുലാൽ രണ്ടുകോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സബ് ട്രഷറി ഓഫീസർ ഈ വർഷം മെയ് 31നാണ് സർവീസിൽനിന്ന് വിരമിച്ചത്.
പണം മാറ്റിയ ഉടൻ ഇടപാടിന്‍റെ വിവരങ്ങൾ രേഖകളിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ‘ഡേ ബുക്കി’ലാണ് രണ്ട് കോടിയുടെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.