ജമ്മുകശ്മീരിൽ പൂർണ അവകാശവാദം ഉന്നയിച്ച് പാകിസ്ഥാൻ്റെ പുതിയ ഭൂപടം; പ്രതിഷേധം ശക്തം

ഇസ്‌ലാമാബാദ് : ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ജമ്മുകശ്മീരിൽ പൂർണ അവകാശവാദം ഉന്നയിച്ച് പാകിസ്ഥാൻ പുതിയ ഭൂപടം പുറത്തിറക്കി. പാകിസ്ഥാൻ പുറത്തിറക്കിയ പുതിയ ഭൂപടത്തിൽ ഇന്ത്യൻ ഭൂപ്രദേശങ്ങൾ ‘കൈക്കലാക്കി’.

പാക് പ്രധാനമന്ത്രി ഇമ്രാൻഖാനാണ് പരസ്യമായി ഈ അതിക്രമം കാട്ടിയത്. പാകിസ്ഥാന്‍ ചരിത്രത്തിലെ ഏറ്റവും മഹത്തായ ദിനമാണ് ഇതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. രാഷ്ട്രീയ ഭൂപടത്തിന് പാകിസ്ഥാന്‍ കാബിനറ്റ് അംഗീകരാം നല്‍കിയത് സ്ഥിരീകരിച്ച് സംസാരിക്കുകയായിരുന്നു ഇമ്രാന്‍.

ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങളും ലഡാക്കിനെയും പാകിസ്ഥാൻ അധീനതയിലുള്ള പ്രദേശങ്ങളാക്കിയുള്ള ഭൂപടമാണ് പാകിസ്ഥാൻ സർക്കാർ ഇന്ന് അംഗീകരിച്ചത്. ഗുജറാത്തിന്റെ ഭാഗമായ ജുനാഗഡ്ഡും സ്വന്തമാണെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നു. പുതിയ മാപ്പ് സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.

എന്നാല്‍ ഗുജറാത്തിലെയും കശ്മീരിലെയും ഭാഗങ്ങള്‍ തങ്ങളുടെതാണെന്ന് അവകാശപ്പെട്ട് മാപ്പ് പ്രസിദ്ധീകരിച്ച പാകിസ്ഥാന്‍ നപടി രാഷ്ട്രീയ അസംബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. ഇന്ത്യയുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുന്ന നടപടിക്കെതിരേ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്.

കശ്മീരിന്റെ പദവി എടുത്തുകളഞ്ഞതിന്റെ ഒന്നാം വാർഷികമാണ് നാളെ. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കമെന്ന് ഇമ്രാൻ ഖാൻ പറയുന്നു. നാളെ കരിദിനമായും പാകിസ്ഥാൻ ആചരിക്കും. കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധ റാലികൾ നടത്താനും പാകിസ്ഥാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ അയൽരാജ്യം പരസ്യ പ്രതിഷേധത്തിനിറങ്ങിയത് വിവാദമായിരിക്കയാണ്.

നേരത്തെ, ഇന്ത്യയുടെ ഭാഗങ്ങള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് നേപ്പാളും ഭൂപടം പുറത്തിറക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയത്.