കൊല്ലം: ഫയര്മാന് ആശിഷ് ഇനി മുതല്‍ ഐപിഎസ് റാങ്കില്‍ തിളങ്ങും. കൊല്ലം മുഖത്തല സ്വദേശിയായ ആശിഷിന്റെ സ്വപ്നമായിരുന്നു സിവില്‍ സര്‍വ്വീസ്. എട്ട് വര്‍ഷമായി സംസ്ഥാന അഗ്നിശമന സേനാ വിഭാഗത്തില്‍ ഫയര്‍ മാനാണ് ആശിഷ് ദാസ്. 2012 ല്‍ അഗ്നിശമന സേനയില്‍ ഫയര്‍മാനായി ജോലി കിട്ടിയെങ്കിലും ആശിഷ് മോഹം കൈവിട്ടില്ല.
അഗ്നിശമന സേനയിലെ തിരക്കുകള്‍ക്കിടയില്‍ സിവില്‍ സര്‍വ്വീസ് മോഹം യാഥാർഥ്യമാക്കാൻ സമയം കണ്ടെത്തി. ആ പരിശ്രമത്തിനാണ് ഇന്ന് മിന്നും തിളക്കമുണ്ടായത്. ആശിഷ് 291 ആം റാങ്കോടെയാണ് സിവില്‍ സര്‍വ്വീസ് പാസ്സായത്. കൊറോണ അണുനശീകരണ ജോലികള്‍ക്കിടയിലാണ് ആശിഷിനെ തേടി വിജയമെത്തിയത്. വിവരമറിഞ്ഞ് ഫയര്‍ സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍ ആഹ്ലാദം പങ്കുവെച്ചു.
കൊല്ലം മുഖത്തല സ്വദേശിയായ ആശിഷ്, സെന്റ് ജൂഡ് സ്കൂളിലാണു പത്താം ക്ലാസ് വരെ പഠിച്ചത്. പ്ലസ്ടു സെന്റ് ആന്റണീസ് സ്കൂളിൽ. 2009ൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് ബെംഗളൂരുവിൽനിന്നു പാസായി. അതു തനിക്കു യോജിച്ച മേഖലയല്ലെന്ന തിരിച്ചറിവിനെത്തുടർന്നാണു മറ്റു ജോലികൾക്കു ശ്രമിക്കാൻ തീരുമാനിച്ചത്.
2012ൽ അഗ്നിശമനസേനയിൽ ജോലിക്കു കയറി. ആറു വർഷത്തെ പരിശ്രമത്തിനൊടുവിലാണു സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്. ഭാര്യ സൂര്യ സൗദിയിൽ നഴ്സാണ്. മകൾ അമേയയ്ക്കു 7 മാസമാണു പ്രായം.