തൃശൂർ: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട അഴിമതിയിൽ നിർമാണ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനും ദേശീയപാത അതോറിറ്റി അധികൃതർക്കും എതിരെ സിബിഐ കേസെടുത്തു. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി എംഡി. വിക്രം റെഡ്ഡിയെ ഒന്നാംപ്രതിയാക്കി ഉള്ള പ്രാഥമിക എഫ്ഐആർ. കൊച്ചിയിലെ സിബിഐ കോടതിയിൽ സമർപ്പിച്ചു.
2006 മുതൽ 2012 വരെ നടന്ന മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നവീകരണത്തിൽ വലിയ ക്രമക്കേടുകൾ നടന്നതായി സിബിഐ കണ്ടെത്തി. ആകെ 102.44 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നതായാണ് സിബിഐയുടെ കണ്ടെത്തൽ. പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് വ്യവസ്ഥകൾ പാലിക്കാതെയാണെന്നും സിബിഐയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയെയും ദേശീയപാത അതോറിറ്റി അധികൃതരെയും പ്രതികളാക്കി കേസെടുത്തത്.
പാലിയേക്കരയിലെ ടോൾ പിരിവിനെതിരെ നാളുകളായി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. 2012 ഫെബ്രുവരി 9 മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് തുടങ്ങിയത്. മണ്ണുത്തി- ഇടപ്പള്ളി നാല് വരിപാതയുടെ നിര്‍മ്മാണത്തിന് കമ്പനിയ്ക്ക് ചെലവായത് 721.17 കോടിയോളം രൂപയാണ്. 45,000-ത്തോളം വാഹനങ്ങൾ ദിനം പ്രതി ഇതിലൂടെ കടന്നു പോകുന്നുണ്ട്. ശരാശരി 30 ലക്ഷത്തോളം രൂപ ദിനവും ഇവിടെ നിന്നും പിരിക്കുന്നുണ്ട് എന്നാണ് കണക്ക്.
നിർമാണത്തിന് ചിലവയതിന്റെ വലിയൊരു ശതമാനവും ടോൾ ആയി ലഭിച്ചിട്ടും 2028 വരെ ടോൾ പിരിവിന് അനുമതി നൽകിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ടോൾപിരിക്കുന്നതിനൊപ്പം ദേശീയപാതയുടെ അറ്റക്കുറ്റപ്പണികളും അടിപാത അടക്കമുള്ള നിർമാണങ്ങളും കമ്പനി നടത്തിയിട്ടില്ലെന്നും ആരോപണമുയർന്നിരുന്നു.