കൊച്ചി: സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള സംവരണേതര വിഭാഗങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ പ്രവേശനത്തിലും അനുവദിച്ചിട്ടുള്ള പത്തുശതമാനം സംവരണം സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷ്യമമായി നടപ്പാക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
സർക്കാർ നടപ്പിലാക്കിയ പത്തുശതമാനം സംവരണം അര്‍ഹിക്കുന്നവര്‍ക്കു നിഷേധിക്കുന്ന രീതിയിലുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യമന്ത്രിയ്ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഈ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍, നഴ്സിംഗ്-പാരാമെഡിക്കല്‍ പ്രവേശന വിജ്ഞാപനങ്ങളും പ്രോസ്പെക്ടസും അപേക്ഷാ ഫോറങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്തുശതമാനം സംവരണം ഉള്‍പ്പെടുത്താതെയാണ്. ഓരോ ഭരണവകുപ്പും അതിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഈ സംവരണം ഉറപ്പാക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും അവഗണിച്ചിരിക്കുന്നത്. ഇത് നീതിനിഷേധമാണെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്ലസ് വണ്‍, നഴ്സിംഗ്-പാരാമെഡിക്കല്‍ പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചസ്ഥിതിക്കു മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും സത്വരശ്രദ്ധ ഈ വിഷയത്തില്‍ ആവശ്യമാണ്.സംവരണേത വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സംവരണത്തിന്റെ ആനുകൂല്യം നഷ്ടമാകാതിരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ജാഗ്രതപാലിക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഓർമ്മിപ്പിച്ചു.