ആശുപത്രിയിലെത്തിക്കാൻ വൈകി; അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവർ രക്തം വാർന്നൊലിച്ച് മരിച്ചു

പാല: നെല്ലിയാനിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ പെട്ട യുവാവ് രക്തം വാർന്നൊലിച്ച് മരിച്ചു. ഓട്ടോ ഡ്രൈവർ പാലാ ചെത്തിമറ്റം സ്വദേശി കണിശ്ശേരിയിൽ ജസ്റ്റിൻ (38 ) ആണ് ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് രക്തം വാർന്ന് മരിച്ചത്.

നെല്ലിയാനി – ഇടനാട് റൂട്ടിൽ ഉച്ചക്ക് ഒന്നിനായിരുന്നു അപകടം. നെല്ലിയാനി ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട് റോഡിൽ രക്തം വാർന്നൊലിച്ച് കിടന്ന ജസ്റ്റിനെ കുറെ നേരം കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. അപകടശേഷം ഇതു വഴി വന്ന വാഹനങ്ങൾ നിർത്താതെ പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രക്തം വാർന്ന് മരണം സംഭവിച്ചിരുന്നു.

ഇടനാട് ഭാഗത്തേക്ക് ഓട്ടം പോവുകയായിരുന്നു ജസ്റ്റിൻ. മഴ കനത്തതോടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമാകുന്നതാണ് അപകടത്തിന് കാരണമായിരിക്കുന്നത്.

രാവിലെ പൊൻകുന്നം – പാലാ റോഡിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയായ വിളക്കുമാടം ചാത്തൻകുളം സ്വദേശി കരിമ്പേക്കല്ലിൽ അജി (43) ആണ് മരിച്ചത്.

പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു അജിയുടെ സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തല ഇടിച്ച് വീണ അജി തൽക്ഷണം മരിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. പോലീസ് എത്തി അജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.