ആലപ്പുഴ: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഹരിപ്പാട് കാരിച്ചാല്‍ സ്വദേശിനി രാജം എസ് പിള്ള (74) ആണ് മരിച്ചത്. കാൻസർ രോഗിയായിരുന്ന ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കാൻസറിന് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ നിന്നാകാം രോഗം പകർന്നത് എന്നാണ് നിഗമനം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തിലേറെയായി സ്തനാർബുദത്തിന് ചികിത്സയിലായിരുന്നു രാജം എസ് പിള്ള. ഇതിനിടയിലാണ് ജൂലായ് 17-ന് ഇവർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ സന്ദർശിച്ച നാല് ബന്ധുക്കൾക്കും രോഗം സ്ഥരീകരിച്ചിട്ടുണ്ട്.
ഇതോടെ ഇന്ന് മാത്രം മൂന്നു കൊറോണ മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. രാവിലെ കോഴിക്കോട് സ്വദേശിയും കാസർഗോഡ് സ്വദേശിയും രോഗം ബാധിച്ചു മരണമടഞ്ഞിരുന്നു.
അതേസമയം പെരുമ്പാവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിന് സമീപം ലോറി അപകടത്തിൽ പെട്ട് മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് എത്തിച്ച സംഘത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു.
അപകടത്തിൽ മരിച്ചയാൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സംഘത്തിൽ ഉണ്ടായിരുന്ന അഞ്ചു പൊലീസുകാർ ക്വാറൻറീനിലാണ്.