ഐപിഎൽ 13ആം സീസൺ യുഎഇയിൽ നടത്താൻ കേന്ദ്രം ബിസിസിഐക്ക് അനുമതി നൽകി

മുംബൈ: ഐപിഎൽ 13ആം സീസൺ യുഎഇയിൽ നടത്താൻ കേന്ദ്രം ബിസിസിഐക്ക് അനുമതി നൽകി. സെപ്തംബർ 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ നടക്കുക. 10 ഡബിൾ ഹെഡറുകൾ ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. ഒരു ടീമിൽ 24 കളിക്കാരെയാണ് ഉൾപ്പെടുത്താനാവുക.

കൊറോണ സബ്സ്റ്റിറ്റ്യൂട്ട് സൗകര്യം ടീമുകൾക്ക് ലഭിക്കും. മത്സരങ്ങൾക്കിടയിൽ വേണ്ടത്ര സമയം ലഭിക്കാനാണ് വിൻഡോ ദീർഘിപ്പിച്ചതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചതായി ഖലീജ് ടൈംസ് അറിയിച്ചു. സെപ്തംബർ 26 മുതൽ നവംബർ 8 വരെ ഐപിഎൽ നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നത്.

മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊറോണ വ്യാപനത്തെ തുടർവ്വ് അനിശ്ചിതമായി നീണ്ടു പോയത്. നേരത്തെ യുഎഇ മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ചപ്പോൾ ബിസിസിഐ മറുപടി നൽകിയിരുന്നില്ല. രാജ്യത്തെ അവസ്ഥ പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. എന്നാൽ, രാജ്യത്തെ കൊറോണ സ്ഥിതി രൂക്ഷമായി തുടരുന്ന സാഹചര്യം പരിഗണിച്ചാണ് ബിസിസിഐ യുഎഇയിൽ ഐപിഎൽ നടത്താൻ തീരുമാനിച്ചത്.

ഐപിഎല്ലിനൊപ്പം വനിതകളുടെ ടി-20 ടൂർണമെൻ്റ് കൂടി നടക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലായി തുടർന്നു വരുന്ന വിമൻസ് ടി-20 ചലഞ്ചാണ് ഐപിഎല്ലിനു സമാന്തരമായി നടക്കുക. ഇക്കൊല്ലം നാല് ടീമുകൾ പരസ്പരം ഏറ്റുമുട്ടും. കഴിഞ്ഞ വർഷം രണ്ട് ടീമുകളും അതിനു മുൻപത്തെ വർഷം രണ്ട് ടീമുകളുമായിരുന്നു ഏറ്റുമുട്ടിയത്.