കോട്ടയം: ജില്ലയില്‍ 70 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 64 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഹൗസ് സര്‍ജനും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ മൂന്നു പേര്‍ വീതവും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. ഏറ്റുമധികം പേര്‍ക്ക് രോഗം ബാധിച്ചത് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 14 പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ഒന്‍പതു പേരും കോട്ടയം, വൈക്കം മുനിസിപ്പാലിറ്റികള്‍, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഏഴു പേര്‍ വീതവും കൊറോണ ബാധിതരായി. വൈക്കം മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച ഒരാളുടെ ബന്ധുക്കളായ ആറുപേരില്‍ വൈറസ് ബാധ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഉള്‍പ്പെടെ 40 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.
നിലവില്‍ കോട്ടയം ജില്ലക്കാരായ 587 പേരാണ് കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 1311 പേര്‍ക്ക് പേര്‍ക്ക് രോഗം ബാധിച്ചു. 723 പേര്‍ രോഗമുക്തരായി. ഇന്നലെ(ഓഗസ്റ്റ് 2) ആകെ 362 പരിശോധനാ ഫലങ്ങളാണ് വന്നത്. പുതിയതായി 28 സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തു. 1082 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
അതേസമയം അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 1, 9, 12, 21, 22 വാര്‍ഡുകളും കുറിച്ചി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. പാറത്തോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡും മറവന്തുരുത്ത് പഞ്ചായത്തിലെ 11, 12 വാര്‍ഡുകളും പാമ്പാടി പഞ്ചായത്തിലെ 18-ാം വാര്‍ഡും തിരുവാര്‍പ്പ് പഞ്ചായത്തിലെ 11-ാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി.