ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കൊറോണ പരിശോധനാ ഫലം പോസിറ്റീവ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
‘ചില ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവാണ്. എൻ്റെ ആരോഗ്യം നന്നായിരിക്കുന്നു.ഡോക്ടർമാരുടെ ഉപദേശപ്രകാരമാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഞാനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്തണമെന്നും കുറച്ച് ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും അഭ്യർഥിക്കുന്നു.’ അമിത് ഷാ ട്വീറ്റ് ചെയ്തു.
അമിത് ഷായ്ക്ക് എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല.
കൊറോണ പ്രതിസന്ധി ആരംഭിച്ചപ്പോൾ മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അമിത് ഷാ. ഡെൽഹിയിൽ രോഗ ബാധിതർ വർധിച്ചപ്പോൾ അദ്ദേഹം മുൻകൈയടുത്ത് യോഗം വിളിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു. ഡെൽഹിയിലെ രണ്ട് ആശുപത്രികളിൽ നേരിട്ടെത്തി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.