വഞ്ചിയൂർ സബ്ട്രഷറിയിലെ രണ്ടു കോടിയുടെ തട്ടിപ്പ് പുറത്തായിട്ടും നടപടി വൈകി

തിരുവനന്തപുരം: ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്നും രണ്ടു കോടി രൂപ ട്രഷറി ഉദ്യോഗസ്ഥൻ തട്ടിയെടുത്ത വിവരം പുറത്തായിട്ടും ട്രഷറി ഡയറക്ടറടക്കം നടപടി സ്വീകരിക്കാൻ വൈകിയെന്ന് പരാതി. വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡ് ഉപയോഗിച്ച് നടന്ന തട്ടിപ്പിൻ്റെ വിവരം പുറത്തു വന്നപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് ഉദ്യോഗസ്ഥർ പോലും അറിഞ്ഞതെന്ന് ആക്ഷേപമുണ്ട്.

അതേസമയം ട്രഷറി ഡയറക്ടര്‍ വൻ സാമ്പത്തിക വീഴ്ച വരുത്തിയ സ്വന്തക്കാരെ മുമ്പ് സംരക്ഷിച്ചതായി ജീവനക്കാർ പറയുന്നു. എന്നാൽ നിസ്സാര കാരണങ്ങളുടെ പേരിൽ ട്രഷറി ഓഫീസര്‍മാരടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്യുന്നതായും ജീവനക്കാര്‍ പരാതിപെടുന്നു.

അതിനിടെ വഞ്ചിയൂർ സബ് ട്രഷറിയിലെ തട്ടിപ്പിനെ കുറിച്ച് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചിട്ടുണ്ട്. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്‍റാണ് രണ്ടുകോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് വിരമിച്ച ഉദ്യോഗസ്ഥന്‍റെ യൂസർ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സബ് ട്രഷറി ഓഫീസർ ഈ വർഷം മെയ് 31നാണ് സർവീസിൽനിന്ന് വിരമിച്ചത്. എന്നാൽ അതിന് രണ്ടുമാസം മുമ്പേ അദ്ദേഹം അവധിയിലായിരുന്നു.ഇത് മുതലെടുത്താണ് ഇദ്ദേഹത്തിന്‍റെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് കളക്ടറുടെ അക്കൗണ്ടിലുണ്ടായിരുന്ന രണ്ടുകോടി സീനിയർ അക്കൗണ്ടന്‍റ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്.

തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് വ്യക്തമല്ല. പണം നഷ്ടമായയ വിവരം സബ് ട്രഷറി ഓഫീസർ ജില്ലാ ട്രഷറി ഓഫീസറെയും അദ്ദേഹം ട്രഷറി ഡയറക്‌റ്ററെയും അറിയിച്ചു. ഇതേത്തുടർന്നാണ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ വിശദമായ പരിശോധന ആരംഭിച്ചത്. തട്ടിപ്പ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകാനുള്ള നടപടികളും ആരംഭിച്ചു.

പണം മാറ്റിയ ഉടൻ ഇടപാടിന്‍റെ വിവരങ്ങൾ രേഖകളിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ‘ഡേ ബുക്കി’ലാണ് രണ്ട് കോടിയുടെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ജൂലായ് 27-നാണ് സബ് ട്രഷറിയിലെ ജീവനക്കാരൻ പണം തട്ടിയതെന്നാണ് വിവരം.

സംഭവത്തിൽ സബ് ട്രഷറി ഓഫീസർ ട്രഷറി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത്. നേരത്തെയും ഇതുപോലെ പണം തട്ടിയിട്ടുണ്ടോ എന്നതും അന്വേഷിക്കും. തട്ടിപ്പ് നടത്തിയ ജീവനക്കാരനെതിരേ ഉടൻ വകുപ്പ് തല നടപടിയും സ്വീകരിക്കും.