സമാജ് വാദി പാർട്ടി മുൻ നേതാവ് അമർസിംഗ് എംപി അന്തരിച്ചു


ന്യൂഡെൽഹി: സമാജ് വാദി പാർട്ടി മുൻ നേതാവും രാജ്യസഭാംഗവുമായ അമർ സിംഗ് (64) അന്തരിച്ചു. സിങ്കപ്പുരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മരണസമയത്ത്
ഭാര്യയടക്കം കുടുംബാംഗങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് അമർ സിംഗ് കഴിഞ്ഞ ഏഴ് മാസമായി സിങ്കപ്പുരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിംഗപ്പൂരിൽ നിന്നും അമർസിംഗിൻ്റെ മൃതദേഹം ദില്ലിയിൽ എത്തിക്കാനുള്ള നടപടികൾ കുടുംബം ആരംഭിച്ചിട്ടുണ്ട്.

2013-ൽ കിഡ്നിയുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ദുബായിൽ വച്ച് അമർസിംഗ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപ് അദ്ദേഹത്തിൻ്റെ ആരോഗ്യനില വീണ്ടും വഷളാവുകയും സിംഗപ്പൂരിൽ എത്തിച്ച് ചികിത്സ ആരംഭിക്കുകയും ചെയ്തു. പിന്നീട് വീണ്ടും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് അദ്ദേഹം വിധേയനായി. ഇതിനിടെ വയറിലെ മുറിവിൽ നിന്നും അണുബാധയുണ്ടാവുകയും ആരോഗ്യനില ഗുരുതരമാവുകയുമായിരുന്നു.

സ്വതന്ത്ര അംഗമായാണ് അമർസിംഗ് ഒടുവിൽ രാജ്യസഭയിലെത്തിയത്. സമാജ് വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ്ങിന്റെ വിശ്വസ്തനായിരുന്ന അമർ സിംഗ് ഒരു കാലത്ത് പാർട്ടിയിലെ രണ്ടാമനായിരുന്നു. 2010 ജനുവരിയിലാണ് ആദ്യം പാർട്ടിയിൽ നിന്ന് പുറത്തുപോയത്. 2010 ജനുവരി 6ന് സമാജ്‌വാദി പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചിരുന്നു. പിന്നീടും പാർട്ടിയുമായി യോജിച്ച് പ്രവർത്തിച്ചു. അഖിലേഷ് യാദവ് സമാജ്‌‍വാദി പാർട്ടി നേതാവായതോടെ 2017ൽ അദ്ദേഹം പാർട്ടിയിൽ നിന്ന് വീണ്ടും അകലുകയായിരുന്നു.

1956ൽ ഉത്തർപ്രദേശിലെ അസംഗഢിൽ ജനിച്ച അമർ സിംഗ് 1996ൽ ആണ് ആദ്യമായി രാജ്യസഭയിൽ എത്തുന്നത്. 2008ൽ യുപിഎ സർക്കാരിന് വേണ്ടി വിശ്വാസ വോട്ട് രേഖപ്പെടുത്താൻ മൂന്ന് ബിജെപി എംപിമാർക്ക് പണം നൽകിയെന്ന ആരോപണം അമർസിംഗിനെതിരെ ഉയർന്നിരുന്നു. വലിയ രാഷ്ട്രീയ വിവാദമായി വളർന്ന ഈ സംഭവത്തിൽ 2011ൽ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോളിവുഡ് താരം അമിതാഭ് ബച്ചൻ അടക്കമുള്ളവരുമായി അമർസിംഗിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. 1990കളിൽ അമിതാഭ് ബച്ചൻ, അനിൽ അംബാനി, അമർ സിങ്ങ് എന്നിവർ തമ്മിൽ അടുത്ത സൗഹൃദബന്ധം നിലനിന്നിരുന്നു.