തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കർ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിൽ സര്‍ക്കാരിന്റെ അഴിമതിയും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ ഓഗസ്റ്റ് മൂന്നിന് വീടുകളിലും ഓഫീസുകളിലും സ്പീക്ക് അപ്പ് കേരള’ സത്യാഗ്രഹം നടത്തും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയായിരിക്കും സത്യാഗ്രഹം.
സത്യാഗ്രഹ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്നിക് സൂമിലൂടെ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ സത്യാഗ്രഹമിരിക്കും. കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പ്രതിപക്ഷനേതാവിനൊപ്പം പങ്കെടുക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തെ പുതുപ്പള്ളി ഹൗസില്‍ നിന്നും, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്തെ വസതിയിലും, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീര്‍ കോഴിക്കോട്ടെ വസതിയിലും, കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് തൊടുപുഴ വസതിയിലും, ആര്.എസ്.പി.നേതാവ് എന്‍.കെ.പ്രേമചന്ദ്രന് എം.പി. കൊല്ലത്തെ വസതിയിലും, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് എം.എല്‍.എ. പിറവത്തെ എം.എല്‍.എ. ഓഫീസിലും, സി.എം.പി.നേതാവ് സി.പി.ജോണ്‍ പട്ടത്തെ സി.എം.പി. ഓഫീസിലും ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജന്‍ കൊല്ലത്തെ രാമന്‍കുളങ്ങര വസതിയിലും, ജനതാദള്‍ നേതാവ് ജോണ്‍ ജോണ്‍ പാലക്കാട്ടെ വസതിയില്‍നിന്നും സ്പീക്ക് അപ്പ് കേരള സത്യാഗ്രഹത്തില്‍ പങ്കെടുക്കും.
യുഡിഎഫ്. എംപിമാര്‍, എംഎല്‍എ മാര്‍ യുഡിഎഫ് നേതാക്കൾ, ഡിസിസി പ്രസിഡന്റുമാര്‍, എന്നിവര്‍ അവരവരുടെ ഓഫീസുകളിലോ വീടുകളിലോ സത്യാഗ്രഹം ഇരിക്കുമെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന് അറിയിച്ചു.