കൊറോണ പരിശോധനക്ക് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരൻ അറസ്റ്റിൽ

മുംബൈ: കൊറോണ പരിശോധനക്ക് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ബലാത്സംഗക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് സംഭവം.

അമരാവതിയിലെ മാളിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. മാളിലെ ഒരു ജീവനക്കാരിക്ക് ഈ മാസം 24ന് കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മറ്റ് ജീവനക്കാരും കൊറോണ ടെസ്റ്റ് നടത്തണമെന്ന് അധികൃതർ അറിയിച്ചു. മൂക്കിലെ സ്രവം എടുത്ത ശേഷം സ്വകാര്യഭാഗത്തെ സ്രവം എടുക്കണമെന്ന് ജീവനക്കാരൻ യുവതിയെ തെറ്റിദ്ധരിപ്പിച്ച് സ്രവം എടുക്കുകയായിരുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതിയുമായെത്തി.

ഐപിസി 354, 376 വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. കുറ്റക്കാരനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംഭവത്തിൽ സംസ്ഥാന വനിത-ശിശു വികസന മന്ത്രി യശോമാദി താക്കൂർ പറഞ്ഞു.