കൊറോണ ആന്റി വൈറൽ മരുന്നായ റെംഡെസിവിർ തമിഴ്‌നാട്ടിൽ കരിഞ്ചന്തയിൽ വിൽക്കുന്നു

ചെന്നൈ: കൊറോണ പ്രതിരോധ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നായ റെംഡെസിവിർ തമിഴ്‌നാട്ടിൽ കരിഞ്ചന്തയിൽ വിൽക്കുന്നതായി റിപ്പോർട്ട്. ചില ഏജന്റുമാരാണ് ഇതിന്റെ ഇടനിലക്കാരായി നിൽക്കുന്നത്. ഒരു ചെറിയ കുപ്പിക്ക് 3100 രൂപയും 12 ശതമാനം ജിഎസ്ടിയും ചേർന്നുളള വിലയ്ക്കാണ് തമിഴ്‌നാട് സർക്കാർ റെഡെസിവിർ സംഭരിക്കുന്നത്. എന്നാൽ കരിഞ്ചന്തയിൽ ആവശ്യക്കാരിൽ നിന്ന് ഒരു കുപ്പിക്ക് 15,000 രൂപ വരെ ഈടാക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ റെംഡെസിവിറിന് ആവശ്യമായ സ്റ്റോക്കുണ്ട്. സ്വകാര്യ ആശുപത്രികളിൽ ലഭ്യതയിൽ കുറവുണ്ട്. ഇത് അവസരമാക്കിയാണ് ഏജന്റുമാർ കരിഞ്ചന്തയിൽ വിറ്റ് കൊളളലാഭം ഉണ്ടാക്കുന്നത്. സ്വന്തമായി മരുന്ന് വിതരണ കേന്ദ്രമോ, ആശുപത്രികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരോ ആണ് ഏജന്റുമാരായി പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആവശ്യക്കാരെ ഡോക്ടർമാർ വഴി സമീപിച്ചാണ് വിൽപ്പന നടക്കുന്നത്. ആവശ്യക്കാർ ആയതിനാൽ കൂടിയ വില നൽകാൻ ഇവർ നിർബന്ധിതരാകുന്ന സ്ഥിതിവിശേഷമാണ് നിൽക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൊറോണയ്ക്കെതിരെയുള്ള ചികിത്സയ്ക്ക് ആന്റി വൈറൽ മരുന്നായ റെംഡെസിവിർ ഉപയോഗിക്കാൻ അടുത്തകാലത്താണ് ഐസിഎംആർ അനുമതി നൽകിയത്. ഇതിന്റെ വർധിച്ച ആവശ്യകത കണക്കുകൂട്ടിയാണ് നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നത്. തമിഴ്‌നാട് സർക്കാർ കുറഞ്ഞ വിലയ്ക്ക് സംഭരിക്കുന്ന മരുന്നിന്റെ പരമാവധി വില 5000 രൂപയും 12 ശതമാനം ജിഎസ്ടിയുമാണ്.ആറു കുപ്പികൾക്ക് 18600 രൂപയും ജിഎസ്ടിയും ചേർന്ന വിലയ്ക്കാണ് സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് മരുന്ന് നൽകുന്നത്. ഇതാണ് ഒരു കുപ്പിക്ക് 15000 രൂപ വരെ ഈടാക്കി കരിഞ്ചന്തയിൽ വിറ്റഴിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ട്രിച്ചിയിലെ ഒരു രോഗി ആറ് കുപ്പികൾക്ക് 75,000 രൂപയാണ് നൽകിയത്. സ്വകാര്യ ആശുപത്രിയിൽ നിന്ന് മരുന്ന് ലഭിക്കാത്ത സാഹചര്യം വന്നതിനെ തുടർന്നാണ് കരിഞ്ചന്തയെ ആശ്രയിച്ചത്. കൂടിയ വിലയ്ക്ക്് മരുന്ന് വാങ്ങേണ്ടി വന്ന രോഗി ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിൽ പരാതി നൽകിയിട്ടുണ്ട്.