അമരാവതി: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ സാനിറ്റൈസർ കുടിച്ച് ഒൻപത് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ ഭിക്ഷാടകരാണ്. ഇതിൽ ഒരാൾ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെള്ളത്തിലും ശീതള പാനീയങ്ങളിലും കലർത്തി ആളുകൾ സാനിറ്റൈസർ കഴിക്കുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് പ്രകാശം ജില്ലാ പോലിസ് സൂപ്രണ്ട് സിദ്ധാർഥ് കൗശൽ പറഞ്ഞു. സാനിറ്റൈസർ മറ്റു ഏതെങ്കിലും വിഷ വസ്തുക്കളുമായി കലർത്തുന്നുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തു ദിവസങ്ങളായി ഇവർ സാനിറ്റൈസർ കുടിക്കുന്നുണ്ടെന്നാണ് കുടുംബാംഗങ്ങളുടെ മൊഴി. പ്രദേശത്ത് വിറ്റിരുന്ന സാനിറ്റൈസറുകളുടെ സ്റ്റോക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
കൊറോണ പോസിറ്റീവ് കേസുകൾ വർധിച്ചത് മൂലം ജില്ലയിലെ കുരിചെടു പ്രദേശം അടച്ചിരിക്കുകയാണ്. അതിനാൽ തന്നെ മദ്യ വിൽപന ശാലകളും ഇവിടെ പ്രവർത്തിക്കുന്നില്ല. ഇതിനാലാകാം ഇവർ സാനിറ്റൈസർ ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് കരുതുന്നത്. സാനിറ്റൈസർ കഴിച്ചു അസുഖ ബാധിതനായി നിരവധി പേർ ഇപ്പൊൾ ചികിത്സയിലുണ്ട്.