കാസർകോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മരണശേഷം കൊറോണ സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലെ എട്ടാമത്തെ മരണമാണ് ഇത്. ഇന്നലെ വൈകീട്ട് മരിച്ച തൃക്കരിപ്പൂർ സ്വദേശി അബ്ദുറഹ്മാൻ (69) നാണു പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത് . ശ്വാസതടസ്സം മൂലം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു അന്ത്യം. കടുത്ത പ്രമേഹ രോഗി കൂടിയായിരുന്നു ഇദ്ദേഹം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സ്രവ പരിശോധന നടത്തിയിരുന്നു. എന്നാൽ ഫലം വന്നത് മരണശേഷമാണ്. അബ്ദുറഹ്മാന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊറോണ പ്രോട്ടോക്കാൾ പ്രകാരം സംസ്കാരം നടക്കും.
കൈക്കോട്ടുകടവ് ഹൈസ്കൂളിന് സമീപത്ത് വര്‍ഷങ്ങളായി ബിസ്മില്ലാ കൊപ്ര മില്ല് നടത്തിവരികയായിരുന്നു. ഇവിടെ ജോലിയെടുക്കുന്ന നാലുപേര്‍ കൊറോണ പോസിറ്റീവായി ചികിത്സയിലാണ്. തൃക്കരിപ്പൂർ കൈക്കൊട്ട് കടവിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ഇയാളുടെ മകനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇൗ വിവാഹ ചടങ്ങിൽ പങ്കെടുത്ത 13 പേർക്കാണ് ഇതിനകം രോഗം കൊറോണ സ്ഥിരീകരിച്ചത്.
ആലുവ സ്വദേശി എം പി അഷ്റഫ് എന്നയാളും ഇന്ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു. അമിത രക്ത സമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്ന ഇയാൾ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ 29-ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ന്യുമോണിയ ബാധിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറിയെങ്കിലും ഇന്ന് രാവിലെയാണ് മരിച്ചത്.