കൊറോണ വ്യാപനം; ഫോർട്ട് കൊച്ചി മേഖലയിൽ കർഫ്യു ; ബലിപെരുന്നാളിന് പള്ളികളിൽ കൂട്ടപ്രാർഥന അനുമതിയില്ല

കൊച്ചി: കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഫോർട്ട് കൊച്ചി മേഖലയിൽ കർഫ്യു ഏർപ്പെടുത്തി. ആലുവയിലും നിയന്ത്രണങ്ങളിൽ അയവില്ല. ബലിപെരുന്നാൾ ആഘോഷങ്ങളിലും സർക്കാർ നിയന്ത്രണം കർശനമായി പാലിക്കും. പള്ളികളിൽ കൂട്ടപ്രാർഥനകൾ നടത്താൻ അനുവദിക്കില്ല. മേഖലയില്‍ ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കണ്ടെയിൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടാവില്ലെന്നും മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു.

ചെല്ലാനം മേഖലയിൽ നിലവിൽ കൊറോണ രോ​ഗികൾ കുറഞ്ഞിട്ടുണ്ട്. ജില്ലയിൽ കൊറോണ പരിശോധന വ്യാപകമാക്കാനാണ് തീരുമാനം. കൊറോണ കൺട്രോൾ റൂമിൽ മൂന്ന് ഫോൺ നമ്പറുകൾ കൂടി ഏർപ്പെടുത്തി. രോ​ഗലക്ഷണങ്ങൾ ഉള്ളവർക്ക് കൺട്രോൾ റൂമിലേക്ക് വിളിക്കാമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം മേഖലയില്‍ നാല്‍പ്പതു ശതമാനം കൊറോണ ബാധിതകരും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരാണെന്ന് മന്ത്രി പറഞ്ഞു.

അതേസമയം എറണാകുളം ജില്ലയിൽ നിലവിൽ 754 പേരാണ് നിലവിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 40 ശതമാനവും രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവരാണ്. നാല് ലാർജ് ക്ലസ്റ്ററുകളും 10 മെെക്രോ ക്ലസ്റ്ററുകളുമാണ് ജില്ലയിലുള്ളത്. 10നും 60നുമിടയിൽ പ്രായമുള്ളവരാണ് രോ​ഗികളിലേറെയും. പത്തുവയസ്സിൽ താഴെയുള്ള രോ​ഗബാധിതർ ഏഴ് ശതമാനമാണ്.