മഹാരാഷ്ട്രക്കു പിന്നാലെ തമിഴ്‌നാട്ടിലും ഓഗസ്റ്റ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി

ചെന്നൈ: കൊറോണ പോസിറ്റീവ് കേസുകള്‍ ഉയരുന്നത് കണക്കിലെടുത്ത് മഹാരാഷ്ട്രക്കു പിന്നാലെ തമിഴ്‌നാട്ടിലും ഓഗസ്റ്റ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി. ഇളവുകളോടെയായിരിക്കും ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുകയെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു. ആഗസ്റ്റില്‍ എല്ലാ ഞായറാഴ്ച്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച്ചകളില്‍ യാതൊരു ഇളവുകളും അനുവധിക്കില്ല.

അടുത്ത 31 വരെ സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന അന്തര്‍ ജില്ലാ യാത്രകള്‍ക്കും നിയന്ത്രണമുണ്ടാകും. ഇത്തരത്തിലുള്ള യാത്രകള്‍ക്കു ഇ-പാസ് നിര്‍ബന്ധമാണെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ കളക്ടര്‍മാര്‍ ആരോഗ്യ വിദഗ്ധര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തുറക്കില്ല.

മെട്രോ, മാളുകള്‍, തിയേറ്ററുകള്‍, ജിം, ബീച്ചുകള്‍, മ്യൂസിയങ്ങള്‍, ബാറുകള്‍, എന്നിവയും തുറക്കാന്‍ അനുമതിയില്ലെന്നു അധികൃതര്‍ അറിയിച്ചു. അവശ്യ സേവനങ്ങളായ പച്ചക്കറി- പലചരക്കു കടകള്‍ക്കു രാവിലെ 6 മണി മുതല്‍ വൈകീട്ട് 7 മണി വരെ തുറക്കാന്‍ അനുമതിയുണ്ട്. 75 ശതമാനം ജീവനക്കാരെ വച്ച് കമ്പനികള്‍ പ്രവര്‍ത്തിക്കുവാനും അനുവദിക്കും.