സ്വകാര്യ ആശുപത്രി ചികിൽസയ്ക്ക് വിട്ടു നൽകി; കട്ടിലുകളും ദിവാൻ കോട്ടുകളും കടത്തിയെന്ന് പരാതി

കൊല്ലം : കൊറോണ ആശുപത്രിക്കായി വിട്ടു നൽകിയ സ്വകാര്യ ആശുപത്രിയിൽ നിന്നും കിടക്കകൾ കടത്തിയതായി ആരോപണം. ഇരവിപേരൂർ കൊട്ടയ്ക്കാട് ആശുപത്രിയിൽ നിന്ന് അൻപതോളം കിടക്കകൾ അനുവാദം ഇല്ലാതെ കടത്തിയെന്നാണ് പരാതി ഉയർന്നത്. 12 കട്ടിലുകളും കിടക്കകൾക്കായി ഉപയോഗിക്കുന്ന 40 ദിവാൻ കോട്ടുകളും കടത്തിയതായി ആശുപത്രി ഉടമ തോമസ് മാത്യു പറയുന്നു.

കളക്ടറും സബ് കളക്ടറും ആവശ്യപ്പെട്ടതനുസരിച്ചാണ് ഇരവിപേരൂരിലെ ആശുപത്രി ഉടമ ഇവ വിട്ടുനൽകിയത്. 3 മുറികൾ ഒഴിച്ച് ബാക്കിയെല്ലാം വിട്ടു കൊടുത്തിരുന്നു. ഈ മുറികളിൽ സൂക്ഷിച്ചിരുന്ന കിടക്കകളാണ് 19ന് ഉച്ചയോടെ കടത്തിയത്. മുറിയുടെ പൂട്ടുകൾ തകർത്താണ് ടിപ്പർ ലോറിയിൽ ഇവ കൊണ്ടു പോയതെന്ന് തോമസ് മാത്യു പറഞ്ഞു.

ഇരവിപേരൂർ‌ പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്താശയോടെയാണ് ഈ സംഭവമെന്നും ആരോപിച്ചു. ആശുപത്രി അധികാരികളോട് അനുവാദം ചോദിക്കാതെയും, ആശുപത്രിയുടെ മേൽനോട്ടം ഏൽപിച്ചിരുന്ന ജീവനക്കാരനോട് പറയാതെയും അടച്ചിട്ടിരുന്ന മുറികളുടെ പൂട്ട് പൊളിച്ച് അതിൽ സൂക്ഷിച്ചിരുന്ന കിടക്കകളും അനുബന്ധ ഉപകരണങ്ങളും വള്ളംകുളം യാഹിർ കൺവൻഷൻ സെന്ററിലേക്ക് മാറ്റിയതായി പരാതി നൽകിയിരുന്നു.

22ന് കളക്ടറെ നേരിൽ കണ്ട് വിവരം അറിയിച്ചപ്പോൾ നടപടി എടുക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായില്ലെന്ന് തോമസ് മാത്യു പറഞ്ഞു.