പെരുമ്പാവൂർ: പെരുമ്പാവൂരിൻ്റെ സ്വന്തം കവി ലൂയിസ് പീറ്റർ വിടവാങ്ങി. വേങ്ങൂർ സ്വദേശിയായ ലൂയീസ് പീറ്റര്‍ കേരളത്തിലെ സാഹിത്യസദസ്സുകളിലും ജനകീയസമരങ്ങളുള്‍പ്പടെയുള്ള കൂട്ടായ്മകളിലും സജീവസാന്നിധ്യമായ കവിയായിരുന്നു. ‘ലൂയി പാപ്പാ’ എന്നാണ് അറിയപ്പെട്ടിരുന്നത്.
1986 ല്‍ ആദ്യ കവിത എഴുതിയ കവി പിന്നീട് നീണ്ട ഇരുപത് വര്‍ഷം മൗനത്തിലായിരുന്നു. 2006 ലാണ് കവിതയുമായി വീണ്ടും രംഗത്തു വരുന്നത് . അതിനു പിന്നാലേയാണ് സാംസ്‌കാരിക കൂട്ടായ്മകളിലും സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധേയനായത്.
‘ലൂയീസ് പീറ്ററിന്റെ കവിതകള്‍’പുറത്തിറങ്ങിയത് മൂന്നു വർഷം മുമ്പാണ്.
ലൂയിസ് പീറ്റർ എന്ന സഞ്ചാരകവിയെ പിന്തുടർന്ന് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ അദ്ദേഹത്തിനുണ്ടായ അനുഭവങ്ങൾ കവിപോലുമറിയാതെ ഒന്നരവർഷംകൊണ്ട് അഭ്രപാളികളിൽ പകർത്തിയ ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. മുത്തു ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ബിബിൻ പോലൂക്കര സംവിധാനവും സുഹൃദ്സംഘം നിർമാണവും നിർവഹിച്ചാണ് ഈ ചിത്രം പൂർത്തിയാക്കിയത്.
റോഡരികിൽ, ആസ്പത്രിയിൽ, മരത്തണലിലെ കവിതാസായാഹ്നങ്ങളിൽ, ചർച്ചകളിൽ… എല്ലാം ക്യാമറക്കണ്ണുകൾ സഞ്ചരിച്ചതിന്റെ ഓർമയായിരുന്നു മുറിവേറ്റ നക്ഷത്രം. യാത്രാപ്രേമിയായ കവിജീവിതത്തിന്റെ പച്ചയും കത്തിയും കലർപ്പില്ലാതെ ഒപ്പിയെടുത്തു.
ഹാൻഡി ക്യാമും മൊബൈൽ ക്യാമറയും ഉപയോഗിച്ചായിരുന്നു പലപ്പോഴും ചിത്രീകരണങ്ങൾ.
ക്ഷേമാന്വേഷണങ്ങൾക്ക് കവി നൽകുന്ന മറുപടിയിലൂടെയാണ് ജീവിതത്തിലൂടെയുള്ള യാത്ര മുന്നോട്ട് പോകുന്നത്. ഇതും ലൂയിസ് അറിയാതെയായിരുന്നു. ഒരാളെ ആളറിയാതെ ചിത്രീകരിക്കുമ്പോൾ വെല്ലുവിളികളും നേരിട്ടിരുന്നതായി ബിബിൻ പോലൂക്കര പറയുന്നു. ഷൂട്ടിങ്ങിനെ ചോദ്യം ചെയ്ത് പലയിടത്തുനിന്നും ഉന്തും തള്ളും വരെയുണ്ടായി. നാടകക്കാരൻ, ബാങ്ക് ജീവനക്കാരൻ, രാഷ്ട്രീയ പ്രവർത്തകൻ, തത്ത്വചിന്തകൻ, കവി, ഭാഷാപണ്ഡിതൻ എന്നീ ഉറവകളുടെ ഉത്ഭവത്തെയാണ് ക്യാമറയിൽ പിന്തുടർന്നത്. ആറക്കശമ്പളമുള്ള തൊഴിൽ ഇല്ലാതെയും ഒരു മനുഷ്യന് ജീവിക്കാനാവും എന്ന് ലൂയി പാപ്പ കാണിച്ചുതന്നു.
ഇരുട്ടുവീഴുമ്പോൾ കൂടണയാൻ ധൃതിപ്പെടുന്ന ലോകത്തിനു മുന്നിൽ ചെന്നുവീണിടം കൂടാക്കിമാറ്റുന്ന ന്യൂനപക്ഷത്തിന്റെ പ്രതിനിധിയാണ് ലൂയിസ്. ഇദ്ദേഹത്തിന്റെ വേറിട്ട ജീവിതം അതിഭാവുകത്വങ്ങളോ നിസ്സാരവത്കരണമോ ഇല്ലാതെ വരച്ചുകാട്ടുകയാണിവിടെ. കന്യാകുമാരി മുതൽ വാഗാ അതിർത്തി വരെ സൗഹൃദത്തിന്റെ പച്ചപ്പിൽ, പത്തുപൈസ കൈയിലില്ലാതെ സഞ്ചരിച്ചതിന്റെ ഓർമകളും ഇതിലുണ്ട്.