ന്യൂഡെല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റി. വിദ്യാഭ്യാസ മന്ത്രാലയം എന്നാണ് പുതിയ പേര്. പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ പുതിയ മാറ്റങ്ങള്‍ വരുമെന്നാണ് വിവരങ്ങള്‍. യുവതലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം എളുപ്പത്തില്‍ നേടാനാകുമെന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിലെ പ്രധാന മാറ്റമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
മുന്‍ ഐസ്എആര്‍ഒ ചെയര്മാന് കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്തത്.1986ലെ കോത്താരി കമ്മീഷൻ നിർദ്ദേശ പ്രകാരമായിരുന്നു അവസാനമായി വിദ്യാഭ്യാസ നയം പരിഷ്കരിച്ചത്.
മൂന്നു മുതൽ 18 വയസ്സുവരെ വരെ നിർബന്ധിത വിദ്യാഭ്യാസമെന്നും 2030 ഓടെ സമ്പൂർണ്ണ സാക്ഷരത എന്ന ലക്ഷ്യം കൈവരിക്കുമെന്നും നയത്തിൽ പറയുന്നു. ഇതടക്കം വിദ്യാഭ്യാസ രംഗത്ത് കാതലമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം. പ്ലസ്ടു വരെയുളള അടിസ്ഥാന വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും അടിമുടി പരിഷ്കാരങ്ങളും ദേശീയ വിദ്യാഭ്യാസ നയത്തിൽ പറയുന്നു.
നിലവിലെ പാഠ്യരീതിക്ക് പകരം സമ്പൂർണ്ണ മാറ്റമാണ് ഇനി നിലവിൽ വരിക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ വിദ്യാഭ്യാസ കമ്മീഷൻ യോഗത്തിലാണ് പുതിയ നയത്തിന് അംഗീകാരം നൽകിയത്. പത്തു വർഷത്തിനകം എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം നൽകും.
യു.പി ഹൈസ്കൂൾ, ഹയർസെക്കണ്ടറി രീതിയും പുതിയ നയം വരുന്നതോടെ ഇല്ലാതാവും. നേരത്തേ 14 വയസ്സുവരെയായിരുന്നു നിർബന്ധിത വിദ്യാഭ്യാസം.
- സ്കൂൾതല മാറ്റങ്ങൾ ഇങ്ങനെ
- പ്രീപ്രൈമറിയും ഒന്നും രണ്ടും ക്ലാസുകളും ചേർത്ത് അഞ്ചു വർഷത്തെ ആദ്യഘട്ടം.
- മൂന്ന്, നാല്, അഞ്ച് ക്ലാസുകടങ്ങുന്ന മൂന്നു വർഷത്തെ രണ്ടാം ഘട്ടം.
- ആറ്, ഏഴ്, എട്ട് ക്ലാസുകളടങ്ങുന്ന മൂന്നു വർഷത്തെ മൂന്നാംഘട്ടം.
- ഒമ്പത്, പത്ത്, പ്ലസ് വൺ, പ്ലസ്ടൂ അടങ്ങുന്ന നാലുവർഷം നീണ്ടു നിൽക്കുന്ന നാലാംഘട്ടം അഥവാ സെക്കൻഡറി തലം.
നിലവില്‍ 10 വര്‍ഷത്തൊടൊപ്പം ഉന്നത വിദ്യാഭ്യാസത്തിന് അടിസ്ഥാനമാകുന്ന അധിക രണ്ടു വര്‍ഷം കൂടി ഉള്‍പ്പെടുന്ന അടിസ്ഥാന വിഭ്യാഭ്യാസ രീതിയാണ് നിലനില്‍ക്കുന്നത്. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇതിനെ നാലാക്കി തിരിക്കും. 5+3+3+4 എന്ന ഘടനയിലേക്കാണ് മാറുക. അതായത് ആദ്യ അഞ്ചുവര്‍ഷകാലം അടിസ്ഥാന പഠനത്തിനാണ് ഊന്നല്‍. പ്രീപ്രൈമറി സ്കൂളും ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഉള്‍പ്പെടുന്നതാണ് ഈ ഘട്ടം.
മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ അടങ്ങുന്നതാണ് അടുത്ത ഘട്ടം. അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയിലാകും. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുളളതാണ് മൂന്നാം ഘട്ടം. ഇതിനെ വിദ്യാഭ്യാസത്തിലെ മധ്യകാലമായാണ് അടയാളപ്പെടുത്തുന്നത്.
നാലുവര്‍ഷം അടങ്ങുന്ന സെക്കന്‍ഡറി ഘട്ടമാണ് അവസാനത്തേത്. വിവിധ സ്ട്രീമുകള്‍ തിരിച്ചുളള പഠനരീതി ഇനി മുതല്‍ ആവശ്യമില്ലെന്ന് പുതിയ വിദ്യാഭ്യാസ നയം ചൂണ്ടിക്കാണിക്കുന്നു.
- ഉന്നത വിദ്യാഭ്യാസത്തിന് ഒറ്റമേൽനോട്ട സമിതി
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി ഏകീകൃത നിയന്ത്രണ സംവിധാനമാണ് ദേശീയ വിദ്യാഭ്യാസ നയം നിര്‍ദേശിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന് ഒറ്റമേൽനോട്ട സമിതിയെ നിശ്ചയിക്കും. എംഫില്‍ അവസാനിപ്പിക്കണമെന്നും പുതിയ വിദ്യാഭ്യാസ നയം ആവശ്യപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ പഠന ശാഖകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറും.കോളജിന് ഗ്രേഡ് അനുസരിച്ച് സ്വയം ഭരണം നൽകുമെന്നും പാഠ്യപദ്ധതിയുടെ ഭാരം ഒഴിവാക്കുമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.
കോളജ് പ്രവേശനത്തിന് രാജ്യമൊട്ടാകെ പൊതു പരീക്ഷ നടത്തും. ബിരുദം 4 വർഷവും ഡിപ്ലോമ രണ്ടുവർഷവുമാക്കും. അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ കോളജുകള്‍ക്ക് സ്വയംഭരണം ഉള്‍പ്പെടെ നല്‍കും. എല്ലാ കോളജുകളിലും സംഗീതം, സാഹിത്യം, മാനവിക വിഷയങ്ങള്‍ തുടങ്ങിയവ പഠിപ്പിക്കണം.
ഡിജിറ്റല്‍ പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ എഡ്യൂക്കേഷണല്‍ ടെക്നോളജി ഫോറം സ്ഥാപിക്കും. ഇതുവഴി ഇ- കോഴ്സുകള്‍ പഠിപ്പിക്കും. എട്ട് പ്രാദേശിക ഭാഷകളില്‍ ഇ- കോഴ്സുകള്‍ അനുവദിക്കണമെന്നും പുതിയ വിദ്യാഭ്യാസ നയം നിര്‍ദേശിക്കുന്നു.
വിദ്യാഭ്യാസ അവകാശം നിയമം ഉള്‍പ്പെടുത്തല്‍, പാഠ്യപദ്ധതിയുടെ ഉളളടക്കം കുറയ്ക്കല്‍ ഉള്‍പ്പെടെ നിരവധി പരിഷ്കാരങ്ങള്‍ക്ക് തുടക്കമിടാന്‍ ലക്ഷ്യമിട്ടാണ് പുതിയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുന്നത്. ശാസ്ത്രം, ആര്‍ട്സ് വിഷയങ്ങള്‍ എന്ന വേര്‍തിരിവില്ലാതെ പഠനം സാധ്യമാക്കുന്നതിനുളള സാധ്യതകള്‍ തേടുന്നതാണ് പുതിയ വിദ്യാഭ്യാസ നയം.
1985ലാണ് മാനവവിഭവശേഷി മന്ത്രാലയം എന്ന പേര് നല്‍കിയത്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. വിദ്യാഭ്യാസ, പഠന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.