കണ്ണൂര്‍: പാലത്തായിയില്‍ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ഹൈക്കോടതിയുടെ നിര്‍ദേശം. പ്രതി കുനിയില്‍ പത്മരാജന് നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി നേതാവു കൂടിയായ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് നടപടി.
കുട്ടിയുടെ മൊഴിയും മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റുകളും അടക്കമുള്ള തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് പോക്സോ വകുപ്പു ഒഴിവാക്കിയാണ് കുറ്റപത്രം നല്‍കിയത്. പോക്സോ വകുപ്പ് ഒഴിവാക്കിയ സാഹചര്യത്തില്‍ തലശേരി പോക്സോ കോടതിക്കു ജാമ്യഹര്‍ജി പരിഗണിക്കാനാകില്ല. ഇരയെ കേള്‍ക്കാതെ ജാമ്യം അനുവധിച്ച നടപടി നിയമ വിരുദ്ധമാണെന്നും പെണ്‍കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
ഈ മാസം 24ന് നല്കിയ ഹര്‍ജി സങ്കേതിക കാരണങ്ങളാല്‍ പരിഗണിക്കുന്നതു നീണ്ടു പോകുകയായിരുന്നു. ഹര്‍ജിക്കൊപ്പം നല്കിയ എഫ്.ഐ.ആറിന്റെ പകര്‍പ്പില്‍ അക്ഷരങ്ങള്‍ വ്യക്തമാകാത്തതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് നീണ്ടു പോയത്. അതേസമയം കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു.
സ്ക്കൂള് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ അധ്യാപകനായ പ്രതി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസില്‍ പോക്സോ വകുപ്പ് ഒഴിവാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.