തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം. അതേ സമയം ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഒന്നാം വര്‍ഷഫലം ഇന്ന് പ്രസിദ്ധീകരിക്കും.
പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്നു വൈകീട്ട് അഞ്ചു മുതല്‍ https://www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. അഡ്മിഷനുള്ള പ്രോസ്‌പെക്ടസ് സര്‍ക്കാര്‍ പുറത്തിറക്കി.
അപേക്ഷയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാഫീസ് പ്രവേശന സമയത്ത് അടച്ചാല്‍ മതി.
പ്രവേശനത്തിന് സഹായിക്കാന്‍ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അഡ്മിഷന്‍ കമ്മിറ്റിയും ഉണ്ടായിരിക്കും.
അപേക്ഷാ സമര്‍പ്പണം ആരംഭിക്കുന്നത് ജൂലൈ 29 നും അവസാന തീയതി ഓഗസ്റ്റ് 14 മാണ്. ട്രയല്‍ അലോട്ട്‌മെന്റ് ഓഗസ്റ്റ് 18 ന്. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 24നും മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്നത് സെപ്റ്റംബര്‍ 15 നുമാണ്.
സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ സെപ്റ്റംബര്‍ 22 മുതല്‍ നല്‍കാം. ഒക്ടോബര്‍ ഒമ്പതിന് പ്ലസ് വണ്‍ പ്രവേശനം അവസാനിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഒന്നാം വര്‍ഷഫലം ഇന്ന് രാവിലെ പതിനൊന്നിന് പ്രഖ്യാപിക്കും. ഫലം www.keralaresults.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. 4,31,080 പേരാണ് പരീക്ഷയെഴുതിയത്.