വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാൻ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: വന്യമൃഗങ്ങള്‍ക്കു ഭക്ഷണവും വെള്ളവും ഉറപ്പാക്കി വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാനും വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുമുള്ള പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍. ലിഡാര് ‍(ലൈറ്റ് ഡിറ്റക്ഷന്‍ ആൻഡ് റേഞ്ചിംഗ്) അധിഷ്ഠിത സര്‍വേ സാങ്കേതികവിദ്യ ഇതിനായി പ്രയോജനപ്പെടുത്തും.വന്യമൃഗങ്ങളുടെ ക്ഷേമത്തിനായി ആദ്യമായാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര കടുവ ദിനാചരണത്തിനു മുന്നോടിയായി കടുവ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു മന്ത്രി.

ലോകത്തെ കടുവകളുടെ എണ്ണത്തില്‍ 70 ശതമാനവും ഇന്ത്യയിലാണെന്നത് ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കടുവ സംരക്ഷണത്തിന്റെ കാര്യത്തില്‍ നേതൃപരമായ പങ്കു വഹിക്കുന്ന ഇന്ത്യ കടുവകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് 13 ടൈഗര്‍ റേഞ്ച് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജാവദേക്കര്‍ പറഞ്ഞു. കടുവ സംരക്ഷണത്തില്‍ ഇന്ത്യയുടേത് നേതൃപരമായ പങ്കാണെന്നും ഇന്ത്യ നടപ്പിലാക്കിയ മികച്ച മാതൃകകള്‍ ടൈഗര്‍ റേഞ്ച് രാജ്യങ്ങളുമായി പങ്കുവെക്കുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പറഞ്ഞു.

ആഗോളതലത്തില്‍ വികസിപ്പിച്ച ‘കണ്‍സര്‍വേഷന്‍ അഷ്വേഡ് | ടൈഗര്‍ സ്റ്റാന്‍ഡേര്‍ഡ്സ് (സിഎ|ടിഎസ്)’ ഫ്രെയിംവര്‍ക്ക് രാജ്യത്തുടനീളമുള്ള അമ്പത് കടുവ സംരക്ഷണ കേന്ദ്രങ്ങളില്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.