ഫായിസിന്റെ മാസ് ഡയലോ​ഗ് അടിച്ചുമാറ്റി മിൽമ; വാചകങ്ങള്‍ക്ക് മില്‍മ ഫായിസിന് പ്രതിഫലം നല്‍കും

കടലാസ് പൂവ് നിര്‍മിച്ചു വൈറലായ ഫായിസ് എന്ന കുട്ടിയുടെ ഈ വാചകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിനിടയിൽ ഫായിസിന്റെ മാസ് ഡയലോ​ഗ് മിൽമ കടമെടുക്കുകയും ചെയ്തു. ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല… എന്ന വൈറൽ ഡയലോ​ഗ് ആണ്
മില്‍മ തങ്ങളുടെ പരസ്യത്തിനായി ഉപയോഗിച്ചത്. ഉപയോഗിച്ചത് മാത്രമല്ല, ഇപ്പോള്‍ ആ വാചകത്തിന് പ്രതിഫലം നല്‍കാനും മില്‍മ തയാറായിരിക്കുകയാണ്.

ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ! എന്നാണ് മലബാര്‍ മില്‍മ പരസ്യവാചകമായി എഴുതിയത്. എന്നാൽ മിൽമയുടെ പോസ്റ്റിന് താഴെ നിരവധി കമന്‍റുകളാണ് വന്നിരുന്നത്. അടിച്ചുമാറ്റലിന് ഒരു പരിധിയില്ലേ എന്നാണ് ഭൂരിഭാ​ഗം പേരും ഉയർത്തിയ ചോദ്യം.

കടപ്പാട് പോലും പറയാതെ മലബാർ മിൽമ പരസ്യവാചകമാക്കിയത് എന്ന ആരോപണവും കമന്‍റ് രൂപത്തില്‍ വരാന്‍ തുടങ്ങി. ഇതോടെ പോസ്റ്റിന് താഴെ കമന്റുമായി ഒട്ടേറെ പേരെത്തി. ഫായിസിന്റെ വാചകവും ആശയവും പണം കൊടുത്ത് വാങ്ങണം എന്നായി ഒരു വിഭാഗം. ആ കുട്ടിക്ക് അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റോയൽറ്റി മിൽമ കൊടുക്കണമെന്നും ഒരു സർട്ടിഫിക്കറ്റും രണ്ട് സിപ്പപ്പും ഒരു ഐസ്ക്രീമും ആയി അത് ഒതുങ്ങരുതെന്നും ആവശ്യമുയരുന്നു. എന്തായാലും ആത്മവിശ്വാസം പകരുന്ന വാചകങ്ങളുടെ കൂട്ടത്തിൽ ഒരു പടി മുന്നിലാണ് ഫായിന്റെ ഈ വാക്കുകളെന്നാണ് ഉയരുന്ന പ്രതികരണം. ഒടുവില്‍ അത് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. അവസാനം അത് മില്‍മ മാനേജ്മെന്‍റിന്‍റെ അടുക്കലുമെത്തി. ഫായിസിന് പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടുള്ള ക്യാമ്പയിന്‍ ഫലം കാണുകയും ചെയ്തു. മിൽമ പോലെ മഹത്തായ പാരമ്പര്യം ഉള്ള സ്ഥാപനം ക്യാപ്‌ഷൻ ചെയ്തതിൽ വീട്ടുകാരും സന്തോഷത്തിലാണ്. ‍എന്തായാലും നാളെ (ചൊവ്വ) പകൽ ഫായിസിനെ നേരിൽകാണും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.