കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടമോ; ചൈനയിൽ വീണ്ടും സമ്പർക്കത്തിലൂടെ വൈറസ്ബാധ

ബെയ്ജിംഗ്: കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണോ എന്ന് ഭീതി പരത്തി ഒരിടവേളക്കു ശേഷം ചൈനയില്‍ വീണ്ടും കൊറോണ കേസുകള്‍ കുതിക്കുന്നു. ഇന്ന് ചൈനയില്‍ 61 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ മാസത്തിനു ശേഷം രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 57 കേസുകളും പ്രാദേശിക സമ്പര്‍ക്കത്തിലൂടെ ഉള്ളതാണ്. ഇതില്‍ ഭൂരിഭാഗം കേസുകളും ഷിന്‍ജിയാങ് പ്രവിശ്യയിലാണ്. വടക്ക് കിഴക്കന്‍ പ്രവശ്യയായ ലിയാഉന്നില്‍ 14 പ്രാദേശിക സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര കൊറിയന്‍ അതിര്‍ത്തി പ്രവശ്യയായ ജലിനില്‍ രണ്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

മെയ് മാസത്തിനു ശേഷം ഇവിടെ ആദ്യമായാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. പുതിയ കൊറോണ കേസുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡാലിയാനില്‍ കൊറോണ പരിശോധന വ്യാപിപ്പിച്ചു. ഡാലിയനിലും ഉറുംഖിയിലും പ്രദേശിക തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം ചൈനക്കെതിരെ അമേരിക്ക നേരത്തെ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് മനുഷ്യ നിര്‍മിതമാണെന്നും ചൈനയാണ് ഇതിനു പിന്നിലെന്നും എന്ന ആരോപണവുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ ട്രംപ് മുന്നോട്ടു വന്നിരുന്നു. ലോകത്ത് ഇതുവരെ ഒന്നര കോടിയിലധികം പേര്‍ക്ക് രോഗബാധയേറ്റിട്ടുണ്ട്. ആറര ലക്ഷത്തോളം പേര്‍ ഇതിനകം രോഗം മൂലം മരിച്ചു.