കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസി ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി എൻഐഎയുടെ പ്രത്യേകസംഘം കൊച്ചിയിലെത്തി. എൻഐഎ കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാകും ശിവശങ്കറിനെ ചോദ്യംചെയ്യുക. ചോദ്യം ചെയ്യലിന് 56 ചോദ്യങ്ങൾ അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി ശിവശങ്കർ പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവലെ പത്തരയോടെ ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എൻഐഎയുടെ കൊച്ചി ഓഫീസിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലാകും ചോദ്യംചെയ്യൽ. ഇത് വീഡിയോയിൽ പകർത്തും. ചില ഫോൺകോളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങൾ സഹിതമാകും ചോദ്യംചെയ്യൽ.
കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കർ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലിൽ എൻഐഎയോട് പറഞ്ഞിരുന്നത്. ശിവശങ്കർ എൻഐഎയ്ക്കും കസ്റ്റംസിനും നൽകിയ മൊഴികളിൽ വൈരുധ്യമുള്ളതായി സൂചനയുണ്ട്. ഇക്കാര്യത്തിലും വിശദീകരണം തേടും.
യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാനായിരുന്ന ജയഘോഷിനെ പ്രതിപ്പട്ടികയിൽ ചേർക്കാനും നീക്കമുണ്ട്. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും പല ഘട്ടങ്ങളിലും ജയഘോഷ് സഹായിച്ചിട്ടുണ്ടെന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. ജയഘോഷിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്.