കെഎസ്ആർടിസി വിശ്രമ മുറിയിലെ പോരായ്മ; നടപടി റിപ്പോർട്ട് ഹാജരാക്കാൻ മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം: കെഎസ്ആർടിസി എറണാകുളം ഡിപ്പോയിൽ ജീവനക്കാരുടെ വിശ്രമമുറിയിലെ അപര്യാപ്തതകൾ പരിഹരിക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കെഎസ്ആർടിസി എംഡിക്ക് നോട്ടീസയച്ചു. കമ്മീഷൻ ഉത്തരവ് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിനെ തുടർന്നാണ് നോട്ടീസ്.

കെഎസ്ആർടിസി ഡിപ്പോയുടെ നവീകരണവുമായി ബന്ധപ്പെട്ട് കമ്മീഷൻ നൽകിയ ഉത്തരവിൻ മേൽ സ്വീകരിച്ച നടപടികൾ മൂന്നാഴ്ചക്കകം അറിയിക്കണമെന്ന് അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഉത്തരവിൽ ജീവനക്കാർക്ക് മാന്യമായ വിശ്രമ സങ്കേതം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴും വെള്ളക്കെട്ട് കടന്നു വേണം ജീവനക്കാർക്ക് വിശ്രമമുറിയിൽ എത്തേണ്ടത്.

മഴ പെയ്താൽ മുറിയിൽ വെള്ളം നിറയും. വെള്ളം നിറഞ്ഞാൽ ജീവനക്കാർ തന്നെ പമ്പു ചെയ്ത് പുറത്ത് കളയണം. വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ കട്ടിലുകൾ മൺകട്ട കൊണ്ട് ഉയർത്തി വയ്ക്കാറാണ് പതിവ്. നനഞ്ഞ ചുമരുകളിൽ പായലുകൾ നിറഞ്ഞിട്ടുണ്ട്. ജനലുകൾ തകർന്നു വീഴാറായ അവസ്ഥയിലാണ്. ദീർഘദൂര യാത്ര കഴിഞ്ഞ് എത്തുന്ന ജീവനക്കാർക്ക് കൊതുകു ശല്യം കാരണം വിശ്രമിക്കാൻ കഴിയാറില്ല. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടത്.