ജയ്പൂർ: സച്ചിൻ പെലറ്റിനും 18 വിമത എംഎൽഎമാർക്കുമെതിരെ തിങ്കളാഴ്ച വരെ നടപടിയെടുക്കരുതെന്നും തൽസ്ഥിതി തുടരണമെന്നും സ്പീക്കർ സി പി ജോഷിക്ക് രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശം. വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിന് തിരിച്ചടിയായി ഹൈക്കോടതി നിർദ്ദേശം. നിയമസഭ വിളിച്ചു കൂട്ടി ഭൂരിപക്ഷം തെളിയിക്കാനിരിക്കുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഹൈക്കോടതി നിർദ്ദേശം പ്രതികൂലമായി ബാധിക്കില്ലെന്നാണ് സൂചന.
അതേസമയം ഹർജിയിൽ കേന്ദ്രസർക്കാരിനെ കൂടി കക്ഷിചേർക്കാനുള്ള സച്ചിൻ പൈലറ്റ് വിഭാഗത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചതും സംസ്ഥാന സർക്കാരിനെ ബാധിക്കും. ഇതോടെ ഹൈക്കോടതി കേസിൽ വിശദമായ വാദം കേൾക്കുമെന്ന് ഉറപ്പായി. ഹർജിയിൽ കോടതി ഇന്ന് വിധിപറയാനിരിക്കെയാണ് കേന്ദ്രസർക്കാരിനെ കൂടി കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് അവസാന നിമിഷം നാടകീയമായി സച്ചിൻ പൈലറ്റ് വിഭാഗം അപേക്ഷ നൽകിയത്.
ഇക്കാര്യത്തിൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ എന്ന അഭിപ്രായം ആരായുന്നതിനാണ് കോടതി കേന്ദ്രത്തെയും കക്ഷിചേർക്കാൻ തീരുമാനിച്ചത്. എന്നാൽ മറുപടിക്ക് കേന്ദ്രസർക്കാർ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ വിമത എംഎൽഎമാർക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു. കോൺഗ്രസ് വിമതർ നൽകിയ ഹർജിയിൽ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
സ്പീക്കറുടെ നടപടിക്രമങ്ങളിൽ കോടതികൾ ഇടപെടരുതെന്നായിരുന്നു ഹർജിയിലെ വാദം. സ്പീക്കർ തീരുമാനമെടുക്കുംമുൻപേ അതു പുനഃപരിശോധിക്കാനാവില്ല. സച്ചിൻ പൈലറ്റിനും കൂട്ടർക്കുമെതിരേ നോട്ടീസയക്കുക മാത്രമാണു ചെയ്തത്. അയോഗ്യതാ വിഷയത്തിൽ അഭിപ്രായം തേടിയാണ് നോട്ടീസ്. അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനമല്ലെന്നും അഭിപ്രായം അറിഞ്ഞശേഷം ഇക്കാര്യത്തിൽ നടപടി ഉണ്ടാകുമെന്നും സ്പീക്കർ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമസഭ വിളിച്ചു കൂട്ടി ഭൂരിപക്ഷം തെളിയിക്കുകയാണ് ഗെലോട്ടിന് മുന്നിലുള്ള ഏകവഴി. ഇക്കാര്യത്തിൽ സച്ചിൻ പൈലറ്റ് വിഭാഗം സ്റ്റേയ്ക്ക് നീങ്ങിയാൽ എന്താകുമെന്ന ആശങ്കയുണ്ടെങ്കിലും നിയമസഭ വിളിക്കാനുള്ള നീക്കത്തിലാണ് ഗെലോട്ട്.