ശിവശങ്കറിനോട് തിങ്കളാഴ്ച എൻഐഎ കോടതയിൽ ഹാജരാകാൻ നിർദേശം

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനോട് കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജർ ആകാൻ നിർദേശം നൽകി. തിങ്കളാഴ്ച ഹാജർ ആകാനാണ് നിർദേശം നൽകിയിട്ടുള്ളത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇന്നലെ എൻ ഐ എ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. പേരൂർക്കട പോലിസ് ക്ലബ്ബിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.

ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ കൊച്ചിയിലെ ഓഫീസിൽ എത്താൻ നിർദ്ദേശം നൽകിയാണ് ഇദ്ദേഹത്തെ വിട്ടയച്ചത് എന്നാണ് വിവരം. സ്വപ്നക്കും സരിത്തിനും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം തനിക്ക് ഉണ്ടായിരുന്നില്ല എന്നാണ് ശിവശങ്കർ എൻ ഐ എ ക്ക് നൽകിയ മൊഴി.

സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത് എന്നും സുഹൃത്ത് ബന്ധത്തിന് അപ്പുറം യാതൊരു ബിസിനസ് ഇടപാടുകളും തങ്ങൾ തമ്മിൽ ഇല്ലെന്നും ഇവരുടെ ബിസിനസുകളെ കുറിച്ചോ മറ്റു ഇടപാടുകളെ കുറിച്ചോ തനിക്ക് അറിവും ഉണ്ടായിരുന്നില്ല എന്നും ശിവശങ്കർ എൻ ഐ എ ക്ക് മൊഴി നൽകിയിട്ടുണ്ട്. കസ്റ്റംസിന് നൽകിയതിന് സമാനമായ മൊഴി തന്നെയാണ് എൻ ഐ എ ക്കും നൽകിയിട്ടുള്ളത്. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യും.