കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളിക്കേസിലെ പ്രതിയും സൂത്രധാരനുമായ മാലം സുരേഷിനെ പിടികൂടാത്തതിന് പിന്നിൽ രാഷ്ട്രീയ പോലീസ് ഉന്നതരുടെ ഒത്താശ. മണർക്കാട്ടെ ചൂതാട്ട കേന്ദ്രം കോട്ടയത്തെ മിനി ഗോവയാക്കി. പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒരുക്കിയാണ് ക്രൗൺ ക്ലബിൽ ചീട്ടുകളി നടത്തിയിരുന്നത്.
ഇതു തന്നെയാണ് കേരളത്തിന് അകത്തും പുറത്തുമുള്ള ചൂതാട്ടക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്. കമ്പം, തേനി, തിരുനെൽവേലി, കോഴിക്കാട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ ചീട്ടുകളിക്കാർ ക്രൗൺ ക്ലബ്ബിലെ പതിവുകാരാണ്. ആഡംബര കാറുകളുടെ നിര ക്ലബ്ബിനു പുറത്തു കാണാം. 15 മേശകളിലാണ് ചീട്ടുകളി. ഓരോ തവണ ചീട്ടു മാറുമ്പോഴും 2000 രൂപ വീതം നടത്തിപ്പുകാർക്കു വീഴും. ടോക്കൺ അടിസ്ഥാനത്തിലാണ് കളി. ടോക്കൺ കൗണ്ടറിൽ നിന്നു നൽകും.
10,000 രൂപ നൽകിയാൽ 9000 രൂപയുടെ ടോക്കൺ ലഭിക്കും. 10 % അവിടെയും ക്ലബ്ബിനു വരുമാനം. ക്ലബ്ബിൽ വിതരണം ചെയ്യുന്നത് വീട്ടിൽ തയാറാക്കുന്ന ഭക്ഷണം. എല്ലാ വിഭവങ്ങളും ചേർന്നതു തന്നെ. ഇതിനായി ക്ലബ്ബിനു പിന്നിലെ പറമ്പിൽ ഇറച്ചിവെട്ടുമുണ്ട്. കളിച്ചു കളിച്ചു കയ്യിലെ പണം തീർന്നാൽ അപ്പോൾ തന്നെ വായ്പ കിട്ടാൻ സംവിധാനമുണ്ട്. കളിക്കാൻ വരുന്നവർ എത്തുന്ന വാഹനങ്ങൾ വരെ പണയം വച്ചുകളിക്കും. കഴിഞ്ഞ ദിവസം മുന്തിയ എസ്യുവി പണയം വച്ചതു സംബന്ധിച്ച തർക്കമാണ് ക്ലബ്ബിനെതിരെ പരാതി നൽകാനും റെയ്ഡിനും ഇടയാക്കിയത്.
രാപകൽ ചീട്ടുകളി ക്ലബ് പ്രവർത്തിക്കുന്നത് രാഷ്ട്രീയത്തിലെയും പൊലീസിലെയും ഉന്നതരുടെ ഒത്താശയിലാണ്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സമ്മാനമായി ചോദിച്ചത് ഒന്നര ലക്ഷം രൂപ വില വരുന്ന ഫോൺ. കോട്ടയത്ത് കിട്ടാതെ വന്നപ്പോൾ കോഴിക്കോടിനു കാർ അയച്ചു വാങ്ങിക്കൊടുത്തു. അതും രണ്ടെണ്ണം. തിരുവനന്തപുരത്തെ രാഷ്ട്രീയ നേതാവിന്റെ മകളുടെ വിവാഹത്തിന് 10 ലക്ഷത്തിന്റെ നെക്ലേസ് സമ്മാനിച്ചുവെന്നും സംസാരമുണ്ട്.
ക്രൗൺ ക്ലബ്ബിൽ റെയ്ഡ് നടക്കുമ്പോൾ ക്ലബ്ബിന്റെ നടത്തിപ്പിൽ പങ്കാളിയായ ഉന്നതൻ അവിടെയുണ്ടായിരുന്നു. പൊലീസ് ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ കൂടുതൽ തെളിവുകളും പുറത്തുവന്നു. ഇതെക്കുറിച്ചും പൊലീസ് ഇന്നലെ പ്രാഥമിക അന്വേഷണം നടത്തി. റെയ്ഡിന്റെ സമയത്ത് ക്ലബ്ബിലെ മറ്റൊരു മുറിയിൽ ആളെ കണ്ടതായി റെയ്ഡിൽ പങ്കെടുത്ത ഏതാനും പൊലീസുകാർ സ്ഥിരീകരിച്ചു. ഇയാൾ ചീട്ടുകളിക്കാൻ വന്നതല്ലെന്നാണ് കൂടെയുള്ള മറ്റു പൊലീസുകാർ പറഞ്ഞതെന്നും ഇവർ അറിയിച്ചു. ഇദ്ദേഹത്തിന്റെ കയ്യിലായിരുന്നു കളിക്കുന്നവരുടെ പേരുകളും മറ്റുമുള്ള റജിസ്റ്റർ. ഈ റജിസ്റ്റർ മാറ്റാനും പൊലീസ് ഇദ്ദേഹത്തെ സഹായിച്ചുവെന്നു പറയുന്നു.
ക്ലബ്ബിനു സ്വന്തം സുരക്ഷാ സംവിധാനമുണ്ട്. 20 ഗുണ്ടകളാണ് കാവൽ. പെട്ടെന്ന് പൊലീസ് പരിശോധന വന്നാൽ ചീട്ടു നശിപ്പിക്കാനും സൗകര്യമുണ്ട്. ഓരോ ദിവസവും അരക്കോടിയിലേറെ രൂപയുടെ ചീട്ടുകളി ഇവിടെ നടക്കുന്നതായാണ് വിവരം. കുട്ടിക്കാനത്തും നെടുമ്പാശേരിയിലും ക്ലബ്ബിന്റെ ശാഖകൾ ആരംഭിക്കാനുള്ള ശ്രമവും നടന്നിരുന്നു.
മണർകാട് ക്രൗൺ ക്ലബ്ബിലെ ചീട്ടുകളി റെയ്ഡിൽ പ്രതികളെയും നടത്തിപ്പുകാരെയും രക്ഷിക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളുടെ തെളിവുകൾ പുറത്തു വന്നു. മണർകാട് പൊലീസ് സ്റ്റേഷനിലെ കൂടുതൽ ഉദ്യോഗസ്ഥർക്കു ക്ലബ്ബുമായി ബന്ധമുണ്ടെന്നു സൂചന. 11–ാം തീയതി നടന്ന റെയ്ഡിനു മുൻപ് പൊലീസ് സ്റ്റേഷനിലെ 2 പേർ ക്ലബ് നടത്തിപ്പുകാർക്കു റെയ്ഡിനെ പറ്റി മുന്നറിയിപ്പു നൽകി. മാലം സുരേഷിനു രക്ഷപ്പെടാൻ അവസരം നൽകിയത് ഈ വിളിയാണെന്നാണ് പൊലീസിനു സംശയം. മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.രതീഷ് കുമാറും ക്ലബ് സെക്രട്ടറി മാലം സുരേഷുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നിരുന്നു.
റെയ്ഡിനെത്തിയ പൊലീസ് സംഘത്തെ ക്ലബ് നടത്തിപ്പുകാരിൽ ഒരാൾ തടഞ്ഞു. ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് ഇവിടത്തെ കാര്യങ്ങൾ അറിയാമെന്ന് നടത്തിപ്പുകാർ റെയ്ഡിനു വന്ന പൊലീസിനോടു പറഞ്ഞു. എന്നിട്ടും പാമ്പാടി സ്റ്റേഷനിലെ ഇൻസ്പെക്ടർ യു.ശ്രീജിത്ത് റെയ്ഡിന് മുതിർന്നപ്പോൾ നടത്തിപ്പുകാർ മറ്റൊരു നിബന്ധന വച്ചു. സംസ്ഥാനത്താകെ ക്ലബ്ബുകളിൽ റെയ്ഡുണ്ടെങ്കിൽ മാത്രമേ ഇവിടെ റെയ്ഡ് ചെയ്യാൻ പാടുള്ളൂ. എന്നിട്ടും പൊലീസ് റെയ്ഡ് നടത്തി പണവും മറ്റും പിടിച്ചെടുക്കുകയായിരുന്നു. അന്ന് അറസ്റ്റിലായ 43 പ്രതികളുടെ പേരും വിലാസവും എഴുതിയതിലും തെറ്റുവരുത്തിയതായും സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി.
അയൽ ജില്ലക്കാരായ പ്രതികളുടെ മേൽവിലാസത്തിനൊപ്പം മണർകാട് കര, കോട്ടയം ജില്ലയെന്നാണ് എഫ്ഐആറിൽ എഴുതിച്ചേർത്തിരിക്കുന്നത്. കൃത്യമായ വിലാസം ഒഴിവാക്കി. കേസ് അന്വേഷണം ഏറ്റെടുത്ത കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ ഇന്നലെ ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവുമായി ചർച്ച നടത്തി. ക്രൗൺ ക്ലബ്ബിനെതിരെയുള്ള മറ്റു പരാതികളും പരിശോധിക്കാൻ തീരുമാനിച്ചു. ക്ലബ്ബിൽ അടുത്ത ദിവസം പൊലീസ് വീണ്ടും പരിശോധന നടത്തിയേക്കും. മണർകാട് എസ്എച്ച്ഒ ആർ. രതീഷ് കുമാറിന്റെ പങ്ക് സംബന്ധിച്ച് ഡിവൈഎസ്പി അനീഷ് വി.കോര റിപ്പോർട്ട് സമർപ്പിക്കും.
തമിഴ്നാട്ടിൽനിന്നുള്ള നേതാവ് ഇടയ്ക്കിടെ ചീട്ടുകളി നടക്കുന്ന മണർകാട്ടെ വീട്ടിലെത്താറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് കണക്കിൽപെടാത്ത പണം കൈമാറാനാണെന്നതരത്തിൽ സൂചന ലഭിച്ചതോടെ ഇതുസംബന്ധിച്ചും അന്വേഷണം തുടങ്ങി. ജില്ലയിലെ ഒരു ഉന്നതന്റെ പണമിടപാട് നടത്തുന്നതിന് ചീട്ടുകളി നടക്കുന്ന കെട്ടിടത്തിൽ പ്രത്യേകമാളെ നിയോഗിച്ചിരുന്നു. പോലീസെത്തുമ്പോൾ ഇയാളും കളത്തിലുണ്ടായിരുന്നു. ഇയാൾ നൽകിയ വിവരത്തെ തുടർന്നാണ് കേന്ദ്രം നടത്തിപ്പുകാരൻ രക്ഷപ്പെട്ട് സുരക്ഷിത താവളത്തിലേക്ക് പോയത്.
വിവാദ ഫോൺസംഭാഷണത്തിൽ ‘തന്നെ ചതിക്കരുതെന്നും സഹോദരനെപ്പോലെയാണ് കാണുന്നതെന്നും’ മണർകാട് ഇൻസ്പെക്ടർ പറയുന്നുണ്ടെങ്കിലും നടത്തിപ്പുകാരൻ ഫോൺസംഭാഷണം പുറത്തുവിട്ടതോടെയാണ് ഇൻസ്പെക്ടർ കുടുങ്ങിയത്.
മണർകാട് പാലമുറിക്ക് സമീപമുള്ള നടത്തിപ്പുകാരന്റെ വീട്ടിൽ റെയ്ഡിനായി മണർകാട് ഇൻസ്പെക്ടർ എത്തിയെങ്കിലും വീട്ടിൽ കയറാതെ മടങ്ങിയെന്നും പിന്നീട് റെയ്ഡ് നടത്തിയെന്ന് പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥരെ കബളിപ്പിക്കുകയായിരുന്നുവെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
റെയ്ഡിനെ തുടർന്ന് മണർകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാർ അന്വേഷണം തുടങ്ങി. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയവരെ അടുത്ത ദിവസം ചോദ്യംചെയ്യുമെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.
മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഒ രതീഷ് കുമാറിനെ ചീട്ടുകളി ക്ലബിൽ നടന്ന റെയ്ഡ് സംബന്ധിച്ച തുടർ അന്വേഷണത്തിൽ നിന്നും മാറ്റിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് ലഭ്യമായാൽ കൂടുതൽ നടപടി ഉണ്ടാവുമെന്നാണ് അറിയുന്നത്. ക്രൗൺ ക്ലബിൽ നടന്ന ചീട്ടുകളിയെക്കുറിച്ച് ഇനി അന്വേഷിക്കുന്നത് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ സന്തോഷ് കുമാറായിരിക്കും. ഇതു സംബന്ധിച്ച ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഉത്തരവ് നല്കി.
മണർകാട് പൊലീസിനെ അറിയിക്കാതെയാണ് ക്രൗൺ ക്ലബിൽ മൂന്ന് ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. 17.80 ലക്ഷം രൂപയും 40 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കൂടാതെ 43 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
രതീഷ് കുമാറും ക്ലബ് നടത്തിപ്പുകാരനുമായ വാവത്തിൽ കെ.വി സുരേഷും (മാലം സുരേഷ്) തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിനെ തുടർന്നാണ് കേസ് അന്വേഷണത്തിൽ നിന്നും മാറ്റിനിർത്തിയത്. എന്നാൽ, മഹസർ തയാറാക്കിയത് രതീഷ് കുമാറായിരുന്നു. ഇത് പരിശോധിക്കുവാൻ ഡിവൈ.എസ്.പി അനീഷ് വി.കോരയോട് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. ഫോൺ സംഭാഷണം രതീഷ് കുമാറും മാലം സുരേഷും തമ്മിലായിരുന്നോയെന്ന് ശാസ്ത്രീയമായി പരിശോധിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. രതീഷിന് പുറമെ മണർകാട് സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥർക്ക് മാലം സുരേഷുമായി വഴിവിട്ട ബന്ധമുണ്ടോയെന്നതും ഡിവൈ.എസ്.പി കോര പരിശോധിക്കും.
പ്രതി ചേർക്കപ്പെട്ട മാലം സുരേഷ് മുൻകൂർ ജാമ്യത്തിനായി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യഹർജിയിൽ കോടതിവിധി വന്നാൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്ന് കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി വ്യക്തമാക്കി.
ഫോൺ സംഭാഷണത്തിൽ നിന്ന്
∙ നിങ്ങൾ എനിക്കു സഹോദരനെ പോലെ – സുരേഷിനോട് ഇൻസ്പെക്ടർ രതീഷ് ഫോൺ സംഭാഷണത്തിനിടെ ഇങ്ങനെ രണ്ടു വട്ടം പറയുന്നുണ്ട്.
∙ റെയ്ഡ് വിവരം അറിഞ്ഞ് താൻ തകർന്നു പോയെന്ന് ഇൻസ്പെക്ടർ.
∙ ഹൈക്കോടതിയെ സമീപിക്കണം – സുരേഷിന് ഇൻസ്പെക്ടർ നൽകുന്ന ഉപദേശം. ഹൈക്കോടതിയിൽ പോയി കേസ് നടത്തണമെന്നു പലവട്ടം പറയുന്നു. മുഖ്യമന്ത്രിക്കു പരാതി നൽകുകയല്ല വേണ്ടതെന്നും നിർദേശം.
∙ തൽക്കാലം മാറി നിൽക്കണം, അവർ അറസ്റ്റ് ചെയ്തു പടം പത്രത്തിൽ കൊടുക്കും – മാറിനിൽക്കാൻ സുരേഷിന് ഉപദേശം.