പ്രതിരോധ വാക്‌സിന്‍ ആദ്യം കണ്ടു പിടിക്കുന്നത് ചൈനയാണെങ്കില്‍ സഹകരിക്കാൻ സമ്മതമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ പ്രതിരോധ വാക്‌സിന്‍ ആദ്യം കണ്ടു പിടിക്കുന്നത് ചൈനയാണെങ്കില്‍ രാജ്യവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സമ്മതമാണെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണക്കെതിരായ മരുന്നു ആരു കണ്ടു പിടിച്ചാലും അവര്‍ക്കൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അതു ചൈനയായാലും നിലപാടില്‍ മാറ്റം വരുത്തില്ലെന്നാണ് ട്രംപ് അറിയിച്ചത്.

ചൈന വാക്‌സിന്‍ കണ്ടെത്തുകയാണെങ്കില്‍ ചൈനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു ഉത്തരം നല്‍കുകയായിരുന്നു ട്രംപ്. അതേസമയം കൊറോണ വാക്‌സിന്‍ വികസിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് അമേരിക്ക എന്നും ട്രംപ് വ്യക്തമാക്കി. കൊറോണ രോഗം അടക്കമുള്ള വിഷയങ്ങളില്‍ അമേരിക്കയും ചൈനയും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.

കൊറോണ വ്യാപനത്തിന്റെ തുടക്കം മുതല്‍ തന്നെ ചൈനക്കെതിരേ വിമര്‍ശനവുമായി ട്രംപ് മന്നോട്ടു വന്നിരുന്നു. ഈ മഹാമാരിക്കു പിന്നില്‍ ചൈനയാണെന്നു പരസ്യമായി ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ അമേരിക്കയുടെ കൊറോണ വാക്‌സിന്‍ വിവരങ്ങള്‍ ചൈന മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ കൊറോണ ബാധിക്കപ്പെട്ടത് അമേരിക്കയിലാണ്. ഇന്നലെ ഒരു ദിവസം കൊണ്ട് 68524 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 961 പേര്‍ രോഗബാധ മൂലം മരിച്ചു. ഇതോടെ കൊറോണക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.