വികാസ് ദുബെ കൊല്ലപ്പെട്ട സംഭവം; പ്രത്യേക സമിതി അന്വേഷിക്കും

ലഖ്‌നൗ: ഗുണ്ടാ നേതാവ് വികാസ് ദുബെയുടെ ഏറ്റുമുട്ടൽ കൊലപാതകം അന്വേഷിക്കുന്ന ജുഡീഷ്യൽ അന്വേഷണ സമിതിയെ പുനസംഘടിപ്പിച്ചു. സുപ്രീംകോടതി റിട്ടയേർഡ് ജഡ്ജി ബിഎസ് ചൗഹാനെ അന്വേഷണ സമിതിയുടെ അധ്യക്ഷനായി നിയമിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുന്നോട്ടുവച്ച പേരുകള്‍ സുപ്രിംകോടതി അംഗീകരിച്ചു. രണ്ട് മാസത്തിനകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഉത്തരവിട്ടു.

അറുപത്തിയഞ്ചില്‍പരം കേസുകളില്‍ പ്രതിയായിരുന്ന വികാസ് ദുബെ ജാമ്യത്തിലിറങ്ങിയത് വിശദമായി അന്വേഷിക്കണമെന്നും നിര്‍ദേശിച്ചു. അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി ശശികാന്ത് അഗർവാൾ, ഉത്തർപ്രദേശ് പൊലീസ് മുൻ മേധാവി കെഎൽ ഗുപ്ത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

ജസ്റ്റിസ് ശശികാന്ത് അഗര്‍വാളിനെ മാത്രമാണ് നേരത്തെ അന്വേഷണത്തിനായി യു.പി സര്‍ക്കാര്‍ നിയമിച്ചിരുന്നത്. ഇത് പുനസംഘടിപ്പിക്കാൻ യുപി സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് റിട്ട ജഡ്ജിയെയും മുൻ ഡിജിപിയെയും സമിതിയിൽ ഉൾപ്പെടുത്തിയത്.

ഒരാഴ്‌ചക്കുള്ളിൽ കമ്മീഷൻ അന്വേഷണം ആരംഭിക്കണം. 65 കേസുകളിൽ പ്രതിയായിരുന്ന ദുബെക്ക് പല കേസുകളിലും എങ്ങിനെയാണ് ജാമ്യം കിട്ടിയതെന്നും കമ്മീഷൻ അന്വേഷിക്കും. ദുബെ ജയിലില്‍ ആയിരുന്നെങ്കില്‍ എട്ട് പൊലീസുകാരുടെ ജീവന്‍ നഷ്ടപ്പെടുന്ന സംഭവം ഉണ്ടാകില്ലായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കൊടും ക്രിമിനലുകളെ ഇല്ലായ്മ ചെയ്യാന്‍ ഏറ്റുമുട്ടല്‍ പാടില്ല. യുപി സര്‍ക്കാരല്ല, കേന്ദ്രസര്‍ക്കാര്‍ ആകണം അന്വേഷണ സമിതിയെ സഹായിക്കേണ്ടത്. ഒരാഴ്ചയ്ക്കകം സമിതി പ്രവര്‍ത്തനം തുടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു.