രാജ്യത്ത് വ്യാപകമായി കൊറോണ പരിശോധന കൂട്ടിയെന്ന് കേന്ദ്രം: ഒരുമിനിറ്റില്‍ 141 പരിശോധനകള്‍

ന്യൂഡെൽഹി: കൊറോണ വൈറസ് സാമൂഹ്യവ്യാപനത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ രാജ്യത്ത് വ്യാപകമായി രോഗ പരിശോധന കൂട്ടിയെന്ന് കേന്ദ്രസർക്കാർ. കൊറോണ വൈറസിനെ ഇന്ത്യ മികച്ച രീതിയിൽ നേരിടുകയാണ്. രോഗമുക്തി നിരക്ക് ഇന്ത്യയിൽ കൂടിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഒരുമിനിറ്റില്‍ 141 പരിശോധനകള്‍ വരെ ഇപ്പോള്‍ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്ക് രാജ്യത്ത് കുറവാണെന്നും ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു. കൊറോണ വ്യാപനം 5 ശതമാനമായി കുറയ്ക്കാനാണ് ശ്രമം.

മഹാരാഷ്ട്രയിൽ 8200 ല്‍ ഏറെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അയ്യായിരത്തിനടുത്ത് കേസുകൾ സ്ഥിരീകരിച്ച തമിഴ്നാട്ടിൽ ആകെ മരണം 2500 കടന്നു. ആന്ധ്രപ്രദേശിലും കൊറോണ രോഗികൾ അമ്പതിനായിരം പിന്നിട്ടു. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളിലാണ് 40000 കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

കർണ്ണാടകത്തിൽ അമ്പതിനായിരത്തിലേറെ കൊറോണ കേസുകളാണ് ഈ മാസം സ്ഥിരീകരിച്ചത്. അതേ സമയം ഡെൽഹിയിൽ അമ്പത് ദിവസത്തിന് ശേഷം പ്രതിദിന രോഗബാധ ആയിരത്തിൽ താഴെയെത്തി. രാജ്യത്ത് 24 മണിക്കൂറിനിടെ 37,148 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 11,55,191 ആയി. ഇത് വരെ 28084 പേരാണ് കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 587 പേരാണ് മരിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്. ഇത് വരെ 7,24,577 പേർ രോഗമുക്തി നേടി, നിലവിൽ 62.72 ശതമാനമാണ് രോഗമുക്തി നിരക്ക്.