സ്വർണക്കടത്ത് എന്‍ഐഎ അന്വഷണം രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗം; കേസില്‍ ബന്ധമില്ല: സ്വപ്ന

കൊച്ചി: സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് കേസില്‍ എന്‍ഐഎ അന്വഷണം വന്നതെന്നും കേസിൽ അറസ്റ്റിലായ പ്രതി സ്വപ്ന സുരേഷ്. രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്നും സ്വപ്ന സുരേഷ് സമർപ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ല, ഇതിനായി പണം സമാഹരിച്ചതിനോ, സംവിധാനം ഒരുക്കിയതിലോ പങ്കില്ലെന്നും ജാമ്യാപേക്ഷയില്‍ സ്വപ്‌ന വ്യക്തമാക്കി.

കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ തനിക്കെതിരേ തീവ്രവാദ ബന്ധം ഉന്നയിക്കാനാകില്ലെന്നും ജാമ്യഹര്‍ജിയില്‍ സ്വപ്‌ന ചൂണ്ടിക്കാട്ടുന്നു.

കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണമുള്ള ബാഗേജുമായി ബന്ധമില്ല. നയതന്ത്ര ബാ​ഗേജിൽ സ്വർണമാണെന്ന് അറിയില്ലായിരുന്നു. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ചാണ് ബാഗേജ് വൈകുന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണില്‍ സംസാരിച്ചത്. കോവിഡ് മൂലമുള്ള തിരക്കുകള്‍ മൂലമാണ് ബാഗേജിന്റെ ക്ലിയറന്‍സ് വൈകുന്നതെന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും അവര്‍ പറയുന്നു.

ജനിച്ചതും വളര്‍ന്നതും യുഎഇയിലാണ്. അറബി അടക്കം നാല് ഭാഷകള്‍ അറിയാം. ഭാഷാ വൈധഗ്ദ്ധ്യം കണക്കിലെടുത്താണ് യുഎഇ കോണ്‍സുലേററില്‍ ജോലി ലഭിച്ചതെന്നും ഹര്‍ജിയില്‍ സ്വപ്‌ന ചൂണ്ടിക്കാണിച്ചിട്ടുണ്ട്.