കൊച്ചി: തിരുവനന്തപുരത്ത് സ്വര്‍ണം കടത്തിയ കേസില്‍ എമിറേറ്റ്സ് വിമാന കമ്പനിയുടെ ജീവനക്കാരെ ചോദ്യം ചെയ്യും. ഫൈസല്‍ ഫരീദ് ഹാജരാക്കിയ, അറ്റാഷെയുടെ വ്യാജ കത്തിന്‍റെ അടിസ്ഥാനത്തില്‍ ബാഗ് കയറ്റി അയച്ചതിനെ കുറിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ മാനേജരുടെ മൊഴിയാണ് ആദ്യം എടുക്കുക. സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തെ 13 സ്ഥാപനങ്ങളുടെ ഇടപാടുകൾ നിരീക്ഷണത്തിൽ. അന്വേഷണ റഡാറിന്റെ കീഴിലുള്ള ഈ സ്ഥാപനങ്ങളിൽ ചിലതു നടത്തുന്നതു ഹവാല പണക്കടത്തുകാരുടെ ബെനാമികളാണെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസും റിപ്പോർട്ടു നൽകി.
വടക്കൻ ജില്ലകളിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ ഇതുസംബന്ധിച്ച രേഖകൾ ലഭിച്ചതായാണു വിവരം. ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്തുസംഘത്തിന്റെ പ്രധാന ഇടനിലക്കാരനെന്നു സംശയിക്കുന്ന മലപ്പുറം സ്വദേശി റമീസ് മുഖേനയാണു സംസ്ഥാനത്തിന് അകത്തും പുറത്തും ഇടപാടുകൾ. ഹവാല കടത്തുകാരിൽ നിന്നു മുൻകൂർ പണം വാങ്ങിയാണ് കടത്തുസ്വർണം എത്തിച്ചുകൊടുത്തിരുന്നത്. ഇത്തരത്തിൽ സ്വർണം വാങ്ങിയവരുടെ ബെനാമികളാണ് സ്ഥാപനങ്ങൾ നടത്തുന്നത്. സംശയത്തിന് ഇടനൽകാത്തവിധം മറ്റുള്ളവർക്കു സ്വർണം ഇവിടെ നിന്നു വിതരണം ചെയ്യുന്നതായും വ്യക്തമായി.
ഗുണനിലവാരമനുസരിച്ചു സ്വർണം തിരഞ്ഞെടുക്കാൻ കടത്തുസംഘം വിഷയത്തിൽ ഗൾഫിൽ നൈപുണ്യമുള്ളവരെ നിയമിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, കോയമ്പത്തൂർ, തൃശൂർ പ്രദേശങ്ങളിൽ നിന്നു ഇത്തരക്കാരെ തിരഞ്ഞെടുക്കുന്നതും ഹവാല കടത്തുകാരാണ്. സ്ഥാപനങ്ങളുടെയും ഹവാലക്കാരുടെയും ആവശ്യമനുസരിച്ചുള്ള സ്വർണത്തിന്റെ വില മുൻകൂർ ലഭിച്ചാൽ വിവരം ദുബായിയിലെ സംഘത്തെ അറിയിക്കും.അവിടെ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പത്തിൽ നടത്താൻ ഒരാളുണ്ടാകും. ഈ കേസിൽ അതു സരിത്താണെന്നാണ് അന്വേഷണ സംഘത്തിനുള്ള വിവരം.
വിമാനത്താവളത്തിലെത്തുന്ന സ്വർണം പുറത്തെത്തിക്കാൻ പരിചയ സമ്പന്നരായ രണ്ടുപേരെ നിയമിച്ചിട്ടുണ്ടാകും. പുറത്തെത്തുന്ന സ്വർണം അധികം ദൂരത്തല്ലാത്ത സ്ഥലത്തുവച്ചു ഏറ്റെടുത്ത പ്രധാന ഇടനിലക്കാരനു കൈമാറുന്ന രീതിയാണ് അടുത്തത്. അധികം ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ നടത്തുന്ന ബെനാമി സ്ഥാപനങ്ങൾക്കു വൻതുകയാണ് വരുമാനം. വലിയ ലാഭം ലഭിക്കുമെന്നതിനാൽ കടത്തു സ്വർണം ഉപയോഗിക്കുന്നവരുടെ എണ്ണം സംസ്ഥാനത്തു വർധിച്ചതായും അന്വേഷണസംഘം വിലയിരുത്തുന്നു.
നയതന്ത്ര പാഴ്സലിൽ കള്ളക്കടത്തു സ്വർണം അയയ്ക്കാൻ ഫൈസൽ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചു. ഫൈസൽ ഫരീദിന്റെ പേരിൽ ചില പാഴ്സലുകൾ അയച്ചത് ഇപ്പോൾ ദുബായിലുള്ള റബിൻസാണെന്ന് പിടിയിലായ ജലാൽ മുഹമ്മദ് മൊഴി നൽകി.
നേരത്തേതന്നെ, കസ്റ്റംസ് നിരീക്ഷണത്തിലുള്ളയാളാണു റബിൻസ്. ദുബായിൽ ഇയാൾക്കു ഹവാല ഇടപാടുകളുള്ളതായും നയതന്ത്ര പാഴ്സലിലൂടെ കേരളത്തിലേക്കു കടത്തിയ സ്വർണം വിറ്റഴിക്കുന്നതിൽ പങ്കുള്ളതായും വിവരം ലഭിച്ചു.
ഫൈസൽ ഫരീദിനെ മുന്നിൽ നിർത്തി, ദുബായിലെ മുഴുവൻ നീക്കങ്ങളും നടത്തിയതു റബിൻസാണോയെന്നും കസ്റ്റംസ് സംശയിക്കുന്നു. അതേസമയം, റബിൻസ് എന്നത് ഇയാളുടെ യഥാർഥ പേരാണോ വിളിപ്പേരാണോയെന്നു വ്യക്തമായിട്ടില്ല.
ഇതിനിടെ ജ്വല്ലറി മേഖലക്ക് പിന്നാലെ , ഫൈസല്‍ ഫരീദ്ദും സംഘവും ഹവാല പണം മുടക്കിയ മലയാള സിനിമകളെകുറിച്ചും അന്വേഷണം തുടങ്ങി. കോണ്‍സുലേറ്റിലേക്ക് സാധനങ്ങള്‍ അയക്കാന്‍ അറ്റാഷെ തന്നെ ചുമതലപ്പെടുത്തുന്ന കത്ത്, ഫൈസല്‍ ഫരീദ് ദുബൈ വിമാനത്താവളത്തില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതില്‍ കോണ്‍സുലേറ്റിന്‍റെ മുദ്രയോ ഒപ്പോ ഉണ്ടായിരുന്നില്ല. എന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് ബാഗ് അയച്ചതെന്നാണ് എമിറേറ്റ്സ് വിമാനകമ്പനി ജീവനക്കാരോടുള്ള കസ്റ്റംസിന്‍റെ ചോദ്യം.
ഇതിന്‍റെ ആദ്യപടിയായി വിമാനക്കമ്പനിയുടെ തിരുവനന്തപുരത്തെ എയര്‍പ്പോര്‍ട്ട് മാനേജരുടെ മൊഴിയെടുക്കും. മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് , സാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ സരിത് കൊണ്ട് വന്ന വേ ബില്ലും അറ്റാഷെയുടെ കത്തും ചട്ടപ്രകാരമുള്ളതല്ലെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജൂണ്‍ 30 ലെ കടത്ത് പൂര്‍ണമായും വ്യാജരേഖകള്‍ ചമച്ചായിരുന്നുവെന്നാണ് കണ്ടെത്തല്‍.
ഇതിനിടെ, ജ്വല്ലറി മേഖലക്ക് പുറമേ. കള്ളകടത്ത് റാക്കറ്റ്,മലയാള സിനിമാ രംഗത്ത് പണം നിക്ഷേപിച്ചതിനെക്കുറിച്ചും അന്വേഷണം തുടങ്ങി. ഫൈസല്‍ ഫാരിദും സംഘവും ഹവാല പണം ചെലവിട്ട് നിര്‍മ്മിച്ച നാല് സിനിമകളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയും ഇതിലുള്‍പ്പെടും. ഈ സിനിമകള്‍ക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റും അന്വേഷിക്കുന്നുണ്ട്.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഡ്രൈവറെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതോടെ 2 ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ കുരുക്കു വീണ്ടും മുറുകുന്നു.
എയർ ഇന്ത്യ സാറ്റ്സിലെ അഴിമതി സംബന്ധിച്ചു കേന്ദ്ര സർക്കാരിനും വിജിലൻസ് കമ്മിഷനും പരാതി നൽകിയതിനെ തുടർന്നാണ് എയർ ഇന്ത്യ ഓഫിസർമാരുടെ സംഘടനാ നേതാവായ എൽ.എസ്. സിബുവിനെ കള്ളക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നത്. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് അക്കാലത്താണു സാറ്റ്സിൽ നിയമിക്കപ്പെടുന്നത്.
തുടർന്നു 16 വനിതാ ജീവനക്കാരുടെ പേരിൽ വ്യാജ പരാതി സ്വപ്ന നൽകി. ഇതിനെതിരെ സിബു പൊലീസിൽ പരാതിപ്പെട്ടെങ്കിലും ആദ്യ അന്വേഷണം സ്വപ്നയ്ക്ക് അനുകൂലമായിരുന്നു. എന്നാൽ പിന്നീടു ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും സ്വപ്നയെ സഹായിക്കുന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥർക്ക്.സ്വപ്നയെ ചോദ്യം ചെയ്യാൻ വിളിച്ച ദിവസങ്ങളിൽ ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥനും മുൻ ഡിജിപിയും സ്വപ്നയ്ക്കു വേണ്ടി ക്രൈംബ്രാഞ്ച് ഉന്നതരെ നിരന്തരം ഫോണിൽ വിളിച്ചത് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഗത്യന്തരമില്ലാതെയാണു കഴിഞ്ഞ ദിവസം സ്വപ്നയെ ഈ കേസിൽ പ്രതിയാക്കിയത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ സാറ്റ്സിൽ ഇവരുടെ കാലത്തു നടന്ന നിയമനങ്ങളും മറ്റും എൻഐഎ വിശദമായി പരിശോധിക്കുമെന്നാണു സൂചന. അതിനു പുറമേയാണ് ജയഘോഷിനെ ഗൺമാനായി നിയമിച്ചതും നിയമനം നീട്ടി നൽകിയതും കുരുക്കായത്. സ്വർണക്കടത്തിൽ ജയഘോഷിനു പങ്കുണ്ടോയെന്നു കസ്റ്റംസും എൻഐഎയും പരിശോധിച്ചുവരികയാണ്.
സ്വപ്നയും സരിത്തുമായി ജയഘോഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായും സ്വർണമടങ്ങിയ ബാഗ് കസ്റ്റംസ് പിടിച്ചുവച്ചപ്പോൾ വാങ്ങാൻ പോയ വാഹനത്തിൽ ഇരുവർക്കുമൊപ്പം ജയഘോഷും ഉണ്ടായിരുന്നതായും എൻഐഎ കണ്ടെത്തി.