ന്യൂഡെൽഹി: നേപ്പാൾ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇന്ത്യാക്കാർക്ക് നേരെ വീണ്ടും വെടിവയ്പ്പ്. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാളി പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. അതിർത്തി ഗ്രാമമായ കൃഷ്‌ണഗഞ്ചിലാണ് സംഭവം നടന്നത്. പ്രദേശവാസികളായ മൂന്ന് പേർക്ക് നേരെ നേപ്പാൾ പൊലീസ് വെടിയുതിർത്തുവെന്നാണ് വിവരം. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കൃഷ്‌ണഗഞ്ച് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ജിതേന്ദ്ര കുമാര്‍ സിങ്, അങ്കിത് കുമാര്‍ സിങ്, ഗുല്‍ഷന്‍ കുമാര്‍ സിങ് എന്നിവര്‍ കാലികളെ തിരഞ്ഞാണ് നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പോയതെന്ന് പ്രദേശവാസികള്‍ പറയുന്നു. നേപ്പാള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന പോലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സീതാമർഹി ജില്ലയോട് ചേർന്ന് അതിർത്തി പ്രദേശത്ത് നേപ്പാൾ പൊലീസ് ഉതിർത്ത വെടിയേറ്റ് ജൂൺ 12 ന് രണ്ട് പേർ മരിച്ചിരുന്നു. ബിഹാറിലെ പിപ്ര പർസൻ പഞ്ചായത്തിലെ ലാൽബണ്ടി – ജാനകി നഗർ അതിർത്തിയിലാണ് ഈ സംഭവം നടന്നത്. പാടത്ത് പണിയെടുക്കുകയായിരുന്നവർക്ക് നേരെയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായത്. കർഷകനായ ഒരാളെ നേപ്പാൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
നേപ്പാളും ഇന്ത്യയും 1850 കിലോമീറ്റർ ദൂരം തുറന്ന അതിർത്തി പങ്കിടുന്നുണ്ട്.