കോഴിക്കോട് ടെര്‍മിനല്‍ നിര്‍മാണത്തില്‍ അപാകത; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് ടെര്‍മിനല്‍ നിര്‍മാണത്തില്‍ അപാകതയെ കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കെടിഡിഎഫ്‌സിയുടെ അഭ്യന്തര വിജിലന്‍സ് വിഭാഗത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ച ശേഷമാകും തുടര്‍ നടപടികള്‍ ഉണ്ടാകുക. കോഴിക്കോട് കെഎസ്ആര്‍ടിസി കെട്ടിടത്തിന്റെ നിര്‍മാണത്തിലും രൂപകല്‍പ്പനയിലും അപാകതയുണ്ടെന്ന മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണത്തിനുള്ള തീരുമാനം.

നിര്‍മാണത്തിന്റെ ഗുണമേന്മ മോശമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2015 നാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത്. ഇതു വരെയും കെട്ടിടം വാടകയ്ക്കു നല്‍കാന്‍ കഴിയാത്തത് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. 65 കോടി രൂപ ചെലവിയാണ് പത്തു നിലയിലുള്ള ഇരട്ട ടെര്‍മിനലുകള്‍ നിര്‍മിച്ചത്. എന്നാല്‍ അഞ്ചു വര്‍ഷം പിന്നിട്ടപ്പോഴേക്കും കെട്ടിടത്തിന്റെ ഉപരിതലം പൊളിഞ്ഞിരുന്നു. ടെര്‍മിനലിന്റെ ലേലത്തെയും ഇതു ബാധിച്ചതോടെയാണ് ഐഐടി വിഭാഗം പരിശോധന നടത്തിയത്. ടെര്‍മിനല്‍ നിര്‍മാണത്തിനു മുന്‍പ് ഇത്രയും വലിയ വ്യാപാര സമുച്ചയത്തിന്റെ മാര്‍ക്കറ്റിംഗ് പഠനം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്.